പാലക്കാട് മുനിസിപ്പൽ ബസ് ടെർമിനലിലെ ഇരുട്ടകന്നു
യാത്രക്കാർക്കായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചു
പാലക്കാട്: മുനിസിപ്പൽ ബസ് ടെർമിനലിൽ ലൈറ്റുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. ഒരു വരിയിൽ നാലു പേർക്ക് ഇരിക്കാവുന്ന 16 കസേരകളാണ് സജ്ജമാക്കിയിട്ടുള്ളത്. സ്റ്റാൻഡിന് അകത്ത് ഹൈമാസ്റ്റ് വിളക്കുണ്ടെങ്കിലും വെളിച്ചക്കുറവ് പരിഗണിച്ച് പുതിയൊരു ഹൈമാസ്റ്റ് വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ടെർമിനലിനകത്തും ചുറ്റിനും ട്യൂബ് ലൈറ്റുകളും ഫ്ളാഷ് ലൈറ്റ്കളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ടെർമിനലിലും സ്റ്റാൻഡിനകത്തും വെളിച്ചമില്ലെന്ന പ്രശ്നത്തിന് പരിഹാരമാവുകയാണ്. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും ടെർമിനലിൽ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു.
ബസുകളെല്ലാം തിരിച്ചെത്തണം
കോടികൾ മുടക്കി മുനിസിപ്പൽ ബസ് ടെർമിനൽ നിർമ്മിച്ചിട്ടും ബസ് സർവീസുകൾ നാളിതുവരെയായി പഴയപടിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. സ്റ്റാൻഡിനകത്ത് പുതിയ ശൗചാലയവും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 2018 ൽ സമീപത്തെ ബഹുനില കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിലാണ് കാലപ്പഴക്കമുള്ള മുനിസിപ്പൽ ബസ്റ്റാൻഡ് പഴയ കെട്ടിടം അടച്ചു പൂട്ടുകയും പിന്നീട് പൊളിച്ചു മാറ്റുകയുമായിരുന്നു. 2023 മാർച്ച് ആറിനാണ് പുതിയ ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞത്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച ടെർമിനലിന്റെ പ്രവർത്തികൾ കഴിഞ്ഞവർഷം സെപ്തംബറിലാണ് പൂർത്തിയായത്. പുതിയ ടെർമിനലിന്റെ ഒന്നാം ഘട്ടത്തിലുള്ള നിർമ്മാണം പൂർത്തിയായെങ്കിലും ഇനി കോംപ്ലക്സ് ഉൾപ്പെടെയുള്ള രണ്ടാംഘട്ടത്തിന്റെ പ്രവർത്തികൾ ബാക്കിയാണ്. സ്റ്റാൻഡിനകത്ത് ബസുകൾ നിറുത്തിയിടുന്നതിനായി ഒമ്പത് ട്രാക്കുകളും വരച്ചിട്ടുണ്ട്. പുതിയ ടെർമിനലിനകത്ത് യാത്രക്കാർക്ക് ലഘു ഭക്ഷണങ്ങൾ ലഭിക്കുന്നതിനായി നാലു കോഫി ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയാൽ മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.