വനംവകുപ്പിന്റെ 40,000 തൈകൾ നശിച്ചു,   സർക്കാരിന് നഷ്ടം 22 ലക്ഷം 

Monday 21 July 2025 12:16 AM IST
1 .വാണിനഗറിലേക്ക് കൊണ്ടുപോകുന്നതിന് ബേളയിലെ വനംവകുപ്പ് നേഴ്സറിയിൽ നിന്നും തൈകൾ ലോറിയിൽ കയറ്റുന്നു 2.ബേളയിലെ നേഴ്സറിയിൽ നശിച്ചുപോയ കൂവളം തൈകൾ

കാസർകോട്: വനംവകുപ്പിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന 40,000 തൈകൾ നശിച്ചതുമൂലം സർക്കാരിനുണ്ടായ നഷ്ടം 22 ലക്ഷം രൂപ. ഒ.ടി.പി സ്‌കീം പ്രകാരം കരാർ നൽകി നട്ടുപിടിപ്പിച്ച 55 രൂപക്ക് വിൽക്കാനുള്ള തൈകളാണ് നശിച്ചു പോയത്. തൈകൾ നട്ടുവളർത്തി വില്പന നടത്തി സർക്കാരിലേക്ക് പണം തിരിച്ചടക്കേണ്ട പദ്ധതി പ്രകാരമാണ് നേഴ്സറിയിൽ തൈകൾ നട്ടത്. സോഷ്യൽ ഫോറസ്ട്രിയുടെ നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലും നടത്തിവന്നിരുന്ന പദ്ധതി കാസർകോട് ജില്ലയിൽ മാത്രമാണ് വനംവകുപ്പ് നേരിട്ട് നടത്തിയത്. ഇതിനായി 2024 ജൂണിൽ കാസർകോട് ഡി.എഫ്.ഒ സർക്കാരിൽ നിന്ന് സ്‌പെഷ്യൽ ഓർഡർ വാങ്ങിയിരുന്നു. 25,000 സോഫ്റ്റ് വുഡ് തൈകളും 15,000 ഹാർഡ്‌വുഡ് ബിഗർ തൈകളുമാണ് ഉണ്ടാക്കിയത്. കൂവളം, ഒങ്, കരിങ്ങാലി മരങ്ങളും കുറച്ചു മാത്രം ഈട്ടിയുമാണ് തയാറാക്കിയത്.

വില്പന നടത്തേണ്ട സീസണിൽ തൈകൾ വിറ്റഴിക്കാൻ ആ സമയം ബെഡിൽ ആയിരുന്നതിനാൽ കഴിഞ്ഞില്ല. തൈകൾ 2024 ഒക്ടോബറിലാണ് കൂടകളിലേക്ക് മാറ്റിയത്. ഗുണമേന്മയുള്ള മണ്ണും വളവും ചേർക്കാത്തിതിനാലാണത്രെ തൈകൾ മുഴുവൻ നശിച്ചുപോയത്. നേഴ്സറിയിൽ പരിശോധനയും നടന്നിരുന്നില്ല. 2025 ജൂൺ മാസം പത്രപരസ്യം നൽകിയെങ്കിലും ഗുണമില്ലാത്ത തൈകൾ വാങ്ങാൻ ആരും എത്തിയുമില്ല. ഇതിനിടയിൽ സോഷ്യൽ ഫോറസ്ട്രിയെ കൊണ്ട് തൈകൾ ഏറ്റെടുപ്പിക്കാൻ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.

അടുത്തിടെ ചാർജെടുത്ത ഫ്‌ളൈയിംഗ് സ്‌ക്വോഡ് ഡി.എഫ്.ഒ നടത്തിയ ആദ്യ വിസിറ്റിൽ തൈകൾ നശിക്കാനിടയായ സംഭവത്തിൽ നേഴ്സറി അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു.

വനം വകുപ്പിനിത് 'ചത്ത തൈകൾ'

വനംവകുപ്പ് 'ചത്ത തൈകൾ' എന്ന് വിശേഷിപ്പിക്കുന്ന ഇതിൽ 10,000 തൈകൾ വാണിനഗർ വനം സംരക്ഷണ സമിതിക്ക് നൽകി. അവശേഷിക്കുന്ന തൈകൾ മറ്റു വനം സംരക്ഷണ സമിതികൾക്ക് കൈമാറി ഒഴിവാക്കും. ബേളയിലുള്ള വനംവകുപ്പിന്റെ നേഴ്സറിയിൽ നിന്ന് രണ്ടു ദിവസങ്ങളിലായി ടിപ്പർ ലോറിയിലാണ് നശിച്ചുപോയ തൈകൾ എൻമകജെ വാണിനഗറിലേക്ക് എത്തിച്ചത്. ബാക്കിയുള്ള 30,000 തൈകൾ ബേളയിൽ കിടക്കുകയാണ്.

ഹരിത ഭാരത് ദൗത്യത്തിന്റെ ഭാഗമായി നേഴ്സറിയിലുള്ള തൈകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി ഇതുവരെ ഫണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 14 വനം സംരക്ഷണ സമിതി മുഖാന്തിരം പ്ലാന്റ് ചെയ്യുന്നതിന് ബേള നേഴ്സറിയിലെ തൈകൾ വിട്ടുകൊടുക്കുകയാണ്. അവർ ആവശ്യമുള്ളത് കൊണ്ടുപോകും. അതിന് കാശും ഈടാക്കും.

കെ. അഷ്‌റഫ് ( കാസർകോട് ഡി.എഫ് ഒ)

ബേളയിലെ നേഴ്സറിയിൽ നിന്ന് എത്തിച്ച പതിനായിരം തൈകൾ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ നടുന്നതിനാണ് തീരുമാനം.

യതീന്ദ്ര റൈ ( പ്രസിഡന്റ്, വനം സംരക്ഷണ സമിതി വാണിനഗർ)