സർവമത സമ്മേളന ശതാബ്‌ദി ആഘോഷം ആഗസ്റ്റ് 24ന് ദുബായിൽ
ദുബായ്: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം ആഗസ്റ്റ് 24ന് ദുബായിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം നവംബറിൽ വത്തിക്കാനിൽ ലോകമത പാർലമെന്റും, ഇക്കഴിഞ്ഞ മേയിൽ യു.കെയിൽ ശ്രീനാരായണഗുരു ഹാർമണിയും ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അനുബന്ധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ആഗോളതലത്തിൽ മൂന്നാം,ഘട്ടമായാണ് ദുബായ് ഷെയ്ഖ് സയീദ് റോഡിലെ ക്രൗൺ പ്ലാസയിലെ ആഘോഷം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും അറബ് സമൂഹ പ്രതിനിധികളോടൊപ്പം നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ച് ഗുരുദർശനം ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് പരിപാടി സഹായകമാകുമെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു.
ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഉൾക്കൊള്ളുന്ന ദർശനത്തെയും, ആലുവ സർവമത സമ്മേളനത്തെയും കുറിച്ച് ലോകത്തിന് വെളിച്ചം നൽകുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം.ആത്മശുദ്ധി മാത്രമല്ല സമൂഹത്തിന്റെ ശുദ്ധിയും വേണ്ടതാണെന്ന് ഗുരുദേവൻ ചിന്തിച്ചു. മതം, ജാതി, ഭാഷ എന്നിവയെ അതിജീവിക്കുന്ന ഒരൊറ്റ മനുഷ്യ സമൂഹത്തെയാണ് ഗുരു പ്രതിപാദിച്ചത്. ദേശത്തിന്റെ അതിർവരമ്പുകളില്ലാതെ ലോകത്തിന്റെ നെറുകയിൽ ഗുരുദർശനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നതാവും ദുബായിലെ ആഘോഷമെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 5ന് മുൻപ് ബന്ധപ്പെടണം. ഫോൺ: 7907111500