സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ജുവലറി ഉടമ മരിച്ചു
രാമപുരം: സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ജുവലറി ഉടമ രാമപുരം കണ്ണനാട്ട് കെ.പി. അശോക് കുമാർ (55) മരിച്ചു. ഗുരുതരമായി പൊളളലേറ്റ അശോക് കുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 10 ഓടെയാണ് മരണം. പ്രതി രാമപുരം വെള്ളിലാപ്പള്ളി ഇളംതുരുത്തിയിൽ തുളസീദാസ് (ഹരി,56) റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും.
കഴിഞ്ഞ 30 വർഷമായി രാമപുരത്ത് കണ്ണനാട്ട് ജുവലറി നടത്തി വരികയായിരുന്നു അശോക് കുമാർ.
ശനിയാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ 25 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിനെച്ചൊല്ലി തർക്കം പതിവായിരുന്നു. വെള്ളിലാപ്പള്ളിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി തുളസീദാസ് ജുവലറിയിലേക്കെത്തി അശോകന്റെ തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള രാമപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇതിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ : ഉമാദേവി പാലക്കാട് തത്തമംഗലം അനുഗ്രഹയിൽ കുടുംബാംഗമാണ്. മക്കൾ : അമൽ കൃഷ്ണ, അനന്യ കൃഷ്ണ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.