സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Monday 21 July 2025 12:00 AM IST

ഹരിപ്പാട് (ആലപ്പുഴ): ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അവധിദിനമായതിനാൽ വൻഅപകടം ഒഴിവായി. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന, കാർത്തികപ്പള്ളി ജംഗ്ഷന് സമീപത്തെ ഗവ.യു.പി സ്കൂളിന്റെ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇന്നലെ രാവിലെ നിലംപതിച്ചത്.

കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് ഈ അദ്ധ്യയന വർഷം ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.

എന്നാൽ, സ്ഥലപരിമിതി മൂലം ഈ കെട്ടിടത്തിലാണ് സ്കൂളിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. മൂന്നുദിവസം മുമ്പ് വരെ കെട്ടിടത്തിൽ ചില ക്ലാസുകൾ നടന്നിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികളുടെ സാന്നിദ്ധ്യം എപ്പോഴും ഉള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഈ കെട്ടിടത്തിലൂടെ കയറിയാണ് പിന്നിലെ ക്ലാസുകളിലേക്ക് കുട്ടികൾ പോകുന്നത്.

അപകടം നടന്നതറിഞ്ഞ് എത്തിയ പഞ്ചായത്തംഗവും ഹെഡ്മാസ്റ്ററും ചേർന്ന് കെട്ടിടത്തിലെ ക്ലാസ് മുറികളിൽ നിന്ന് ബെഞ്ചുകളും ഡെസ്കുകളും മാറ്റിയതായി നാട്ടുകാർ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തിയതോടെ പ്രതിരോധിച്ച് കോൺഗ്രസും രംഗത്തെത്തി. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഒക്കൽ ഗവ. എൽ.പി സ്കൂളിലെ മതിൽ തകർന്നു

പെരുമ്പാവൂർ: ശക്തമായ മഴയെ തു‌ടർന്ന് എറണാകുളം പെരുമ്പാവൂർ ഒക്കൽ ഗവ. എൽ.പി സ്കൂൾ മതിലിന്റെ ഒരു ഭാഗം തകർന്നു. ഈ സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും ബി എഡ് കോളേജിലേക്കും വിദ്യാർത്ഥികൾ പോകുന്ന, സ്കൂളിന് പുറകിലെ കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ തക‍ർന്നു വീണത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഇന്നലെ അവധി ദിനമായതിനാൽ ദുരന്തം ഒഴിവായി.

വർഷങ്ങൾ പഴക്കമുള്ള മതിൽ പുതുക്കി പണിയണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും സ്കൂൾ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ലെന്ന് ഒക്കൽ പൗരസമിതി പ്രസിഡന്റ് കെ.ഡി.വർഗീസ് ആരോപിച്ചു. സ്കൂളിന്റെ മറ്റ് വശങ്ങളിലും സമാനമായ രീതിയിൽ ജീർണ്ണിച്ച മതിലുകളാണ്.