അപകടങ്ങളെ രാഷ്ട്രീയ  ഉപകരണങ്ങളാക്കാൻ പ്രതിപക്ഷ ശ്രമം: മന്ത്രി റിയാസ്

Monday 21 July 2025 12:00 AM IST

കോഴിക്കോട്: അപകടങ്ങളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമർശിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാൽ അപകടങ്ങളിൽ സർക്കാർ മുൻകരുതലെടുക്കുന്നത് മനസിലാക്കാതെ നിലപാട് സ്വീകരിക്കുന്നത് തെറ്റാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമ്പോഴും സർക്കാരിനെ കുറ്റപ്പെടുത്തുന്ന രീതി അപകടങ്ങളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്. സ്വകാര്യബസുകളുടെ വേഗതയെക്കുറിച്ച് സർക്കാർ ചർച്ച ചെയ്തതാണ്. റോഡുകൾ പരിപാലിക്കാൻ അതത് ജില്ലകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.