ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: മാനേജ്മെന്റും കെ.എസ്.ഇ.ബിയും പഞ്ചായത്ത് എ.ഇയും പ്രതിപ്പട്ടികയിൽ

Monday 21 July 2025 12:00 AM IST

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി എം.മിഥുൻ സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ്, മുൻ മാനേജ്മെന്റ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ അസി.എൻജിനിയർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സൂചന.

ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ശാസ്താംകോട്ട ഡിവൈ.എസ്.പി ജി.ബി.മുകേഷിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട സി.ഐ എ.അനീസിന്റെ നേതൃത്വത്തിൽ മൂന്ന് എസ്.ഐമാരും രണ്ട് സി.പി.ഒമാരും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. അസ്വാഭാവിക മരണത്തിനാണ് എഫ്.ഐ.ആർ . മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. സ്കൂൾ മാനേജുമെന്റിന്റെ മിനിട്സ് ബുക്കടക്കമുള്ള രേഖകൾ അന്വേഷണസംഘം ശേഖരിച്ചു. ഒൻപത് വർഷം മുമ്പ് നിർമ്മിച്ച ഷെഡിന് മുകളിൽ വച്ചാണ് മിഥുന് ഷോക്കേറ്റത്. ഷെഡ് നിർമ്മിച്ച അന്നത്തെ മാനേജുമെന്റിനെയും പ്രതി ചേർക്കേണ്ടി വരും. കടുത്ത അനാസ്ഥ കാട്ടിയ വൈദ്യുതി ബോർഡ് ജീവനക്കാരെയും പ്രതി ചേർക്കുമെന്നാണ് വിവരം.

സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.സുജയെ പതിനഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.എന്നാൽ പ്രതി ചേർക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ച മിഥുന്റെ സംസ്കാര ചടങ്ങുകളായിരുന്നതിനാൽ കേസിൽ കാര്യമായ അന്വേഷണത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ അവധി ദിനവും.ഇന്ന് മുതൽ അന്വേഷണം പൂർണ്ണ തോതിലെത്തും. വൈദ്യുതി ബോർഡിലും പഞ്ചായത്തിലുമടക്കം പ്രത്യേക അന്വേഷണ സംഘമെത്തി തെളിവുകൾ ശേഖരിക്കും.

സ്കൂൾ മാനേജ്മെന്റ്

10 ലക്ഷം നൽകും

സ്കൂൾ മാനേജർ ജി.തുളസീധരൻ പിള്ളയ്ക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടി ഇന്ന് നൽകുമെന്നാണ് വിവരം. സ്കൂൾ മാനേജ്മെന്റ് മിഥുന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകുമെന്ന് ഇന്നലെ മാനേജർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡ്സ് മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയും പത്തു ലക്ഷം രൂപ ധനസഹായം നൽകും.