ഐ.ബിയിൽ അനധികൃത താമസം എം.എം. മണിയുടെ ഗൺമാൻ നൽകേണ്ടത് 3.59 ലക്ഷം രൂപ ഈടാക്കാൻ കെ.എസ്.ഇ.ബി

Monday 21 July 2025 12:50 AM IST

കൊച്ചി: എം.എം. മണി എം.എൽ.എ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തിന്റെ ഗൺമാൻ മൂന്നാറിന് സമീപം ചിത്തിരപുരത്തെ കെ.എസ്.ഇ.ബിയുടെ ഐ.ബിയിലെ മുറി അനധികൃതമായി കൈവശം വച്ചത് 1,198 ദിവസം. വാടകയിനത്തിൽ നൽകാനുള്ളത് 3,59,400 രൂപ. ഗൺമാനിൽ നിന്ന് ഇത് ഈടാക്കാൻ വൈദ്യുതി ബോർഡ് നടപടി ആരംഭിച്ചു.

ഐ.ബിയിലെ മൂന്നാംനമ്പർ മുറിയാണ് വാടക നൽകാതെ ഉപയോഗിച്ചത്. കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ട് സി.എ.ജി ഓഫീസി​ലെ മുതിർന്ന ഓഡിറ്റ് ഓഫീസറും പരിശോധിച്ചു. 2016 നവംബർ 26നാണ് മുറി അനുവദിച്ചത്. മന്ത്രിയുടെ ജീവനക്കാർക്ക് 30 രൂപയാണ് പ്രതിദിനവാടക. മണി മന്ത്രിയായിരുന്ന കാലത്തെ 1,237 ദിവസത്തെ വാടകയായ 37,110 രൂപ കെ.എസ്.ഇ.ബി വഹിച്ചു.

എന്നാൽ, മന്ത്രിസ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണി എം.എൽ.എയായ ശേഷവും ഗൺമാൻ മുറി ഒഴി​ഞ്ഞി​ല്ല. 2021 മേയ് 20 മുതൽ 2024 സെപ്‌തംബർ 10വരെ 1,210 ദിവസത്തിൽ 12 ദിവസം ഒഴികെ ഗൺമാനാണ് കൈവശം വച്ചതെന്നാണ് ഐ.ബിയിലെ രേഖ. എം.എൽ.എയുടെ ജീവനക്കാരന് ഇളവില്ല. സാധാരണ നിരക്കായ പ്രതിദിനം 300 രൂപയാണ് മുറിക്ക് നൽകേണ്ടത്.

ഇതുപ്രകാരം 3,59,400 രൂപ ഈടാക്കാൻ ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി. മുറി കൈവശംവച്ച വ്യക്തിയുടെ പേര് ഉത്തരവിൽ പറയുന്നില്ല. നടപടികളുടെ ഭാഗമായി ഇയാൾക്ക് നോട്ടീസ് നൽകും.