ലുലുവിന് പിന്നാലെ അദാനിയും കൊച്ചിയിലേക്ക്, ഒരുങ്ങുന്നത് 600 കോടിയുടെ വമ്പൻ പദ്ധതി
തിരുവനന്തപുരം : കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ലുലു ഐടി ട്വിൻ ടവറിന് പിന്നാലെ മറ്റൊരു വമ്പൻ പദ്ധതി കൂടി വരുന്നു. അദാനി ഗ്രൂപ്പിന്റെ വമ്പൻ ലോജിസ്റ്റിക്ക് പാർക്കിന്റെ തറക്കല്ലിടൽ ഈ മാസം 28ന് നടക്കും. ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പ്രഖ്യാപിച്ചതാണ് ലോജിസ്റ്റിക്ക് പാർക്ക്, കളമശേരി മെഡിക്കൽ കോളേജിന് സമീപമുള്ള അദാനി ഗ്രൂപ്പിന്റെ 70 ഏക്കർ ഭൂമിയിലാണ് ലോജിസ്റ്റിക്ക് പാർക്ക് സ്ഥാപിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്ക് കേന്ദ്രമായി ഇത് മാറും. 15 ലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ മെഗാപദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അതേസമയം നിർമ്മാണം ആരംഭിക്കും മുമ്പ് തന്നെ ലോജിസ്റ്റിക്കിൽ പാർക്കിൽ നിരവധി വമ്പൻ കമ്പനികൾ നിക്ഷേപത്തിന് എത്തിക്കഴിഞ്ഞു. ഇ കൊമേഴ്‌സ് രംഗത്തെ വമ്പൻമാരായ ഫ്ലിപ്പ്കാർട്ടാണ് ഇവിടെ ഏറ്റവും കൂടുതൽസ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഫ്ലിപ്പ്കാർട്ടിന്റെ കേരളത്തിലെ ഏറ്റവും പ്രധാന സംഭരണ കേന്ദ്രമായി പാർക്ക് മാറും, ആമസോണിന്റെ മദർ ഹബ്ബും ഇവിടെ സ്ഥാപിക്കുമെന്നാണ് സൂചന.
ദേശീയ പാത 66 ൽ നിന്ന് ലോജിസ്റ്റിക് പാർക്കിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ എന്നത് പാർക്കിന് അനുകൂല ഘടകമാണ്. കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്ററും റെയിൽവേ സ്റ്റേഷനിലേക്ക് 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോ മീറ്ററുമാണ് ദൂരം. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയും 6 കിലോ മീറ്റർ ദൂരത്തിന് അപ്പുറം സ്ഥിതി ചെയ്യുന്നു.