കെ.എസ്.ആർ.ടി.സി​ തീർത്ഥാടന സർവീസ്, ബസി​ൽ പോകാം, വള്ളസദ്യയുണ്ണാം, ഇന്നലെ എത്തി​യത് 437 പേർ

Monday 21 July 2025 12:46 AM IST

കോഴഞ്ചേരി : പഞ്ച പാണ്ഡവക്ഷേത്ര ദർശനത്തിനൊപ്പം ആറന്മുള വള്ളസദ്യ രുചിക്കാനും അവസരം ഒരുക്കുന്ന കെ.എസ്.ആർ.ടി.സി​ തീർത്ഥാടന സർവീസുകൾ ശ്രദ്ധേയമാകുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡിപ്പോയിൽ നിന്നായി 9 സർവീസുകൾ നടത്തി. കണ്ണൂർ, മൂവാറ്റുപുഴ , നോർത്ത് പറവൂർ , കോട്ടയം ,ആലുവ , വികാസ് ഭവൻ , ചാത്തന്നൂർ , പാറശാലയിൽ നിന്ന് എത്തിയ രണ്ടു ബസുകൾ ഉൾപ്പടെ 9 സർവീസുകളിൽ നിന്ന് 437 പേർ വള്ളസദ്യയിൽ പങ്കെടുത്തു. തൃക്കൊടിത്താനം , തൃപ്പുലിയൂർ , തൃച്ചിറ്റാറ്റ്, തിരുവൻ വണ്ടൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷം ആറന്മുളയിലെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രദർശനവും പള്ളിയോടങ്ങളുടെ വരവും ദർശിച്ച് വള്ള സദ്യയിൽ പങ്കെടുത്തു മടങ്ങുന്ന പാക്കേജിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ വൻ സ്വീകാര്യതയാണുള്ളത്. അടുത്ത ആഴ്ചത്തേക്ക് 24 സർവീസുകൾ ബുക്കു ചെയ്തതായി കെ.എസ്.ആർ.ടി.സി അധി​കൃതർ അറിയിച്ചു. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ഇതിനായി പ്രത്യേക സദ്യ ക്രമീകരിച്ച് പള്ളിയോട സേവാസംഘവും പിന്തുണ നല്കുന്നു. വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ പാടി ചോദിക്കുന്നതിനായി പള്ളിയോടകരക്കാരെ ഈ സദ്യയിൽ പങ്കുചേർക്കുന്നത് തീർത്ഥാടകർക്ക് കൗതുകമാകുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളും പള്ളിയോട സംസ്കാരവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.