മിന്നിക്കൊണ്ടേയിരിക്കുന്നു,മെസി

Sunday 20 July 2025 11:47 PM IST

മയാമി : അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഗോളടിച്ചും അടിപ്പിച്ചും മിന്നിത്തിളങ്ങുകയാണ് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ രണ്ടുഗോളുകളാണ് മെസി നേടിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മത്സരം 5-1നാണ് ഇന്റർ മയാമി ജയിച്ചത്. 24-ാം മിനിട്ടിൽ ജോർഡി അൽബയുടെ ഗോളിനും 27-ാം മിനിട്ടിൽ സെഗോവിയുടെ ഗോളിനും വഴിയൊരുക്കിയ മെസി 60,75 മിനിട്ടുകളിലാണ് ഗോളടിച്ചത്.

ഈ സീസണിൽ മെസി നേടിയ ഗോളുകളുടെ എണ്ണം ഇതോടെ 18 ആയി. മേജർ ലീഗ് സോക്കറിലെ ലീഡിംഗ് സ്കോററാണ് മെസി. ഒൻപത് ഗോളുകൾക്ക് അസിസ്റ്റും ചെയ്തിട്ടുണ്ട്. എം.എൽ.എസിൽ അരങ്ങേറി ആദ്യ രണ്ട് വർഷത്തിനുള്ളിൽ 35 ഗോളുകളും 25 അസിസ്റ്റുകളും നേടുന്ന അഞ്ചാമത്തെ താരമാണ് മെസി.