സഹസ്ര കലശത്തിന്റെ ധന്യതയിൽ ശബരിമല നട ഇന്നടയ്ക്കും

Monday 21 July 2025 12:46 AM IST

ശബരിമല : സഹസ്ര കലശത്തിന്റെ ധന്യതയിൽ കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് യടയ്ക്കും. ഇന്ന് പുലർച്ചെ 5ന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടക്കും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. തുടർന്ന് ദേവനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗ നിദ്രയിലാക്കി ഹരിവരാസനം പാടി നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി 29ന് വൈകിട്ട് 5ന് വീണ്ടും നടതുറക്കും. 30നാണ് പുലർച്ചെയാണ് നിറപുത്തരി.