അൻഷുൽ ടെസ്റ്റ് ടീമിൽ

Sunday 20 July 2025 11:48 PM IST

മാഞ്ചസ്റ്റർ : കൈക്ക് മുറിവേറ്റ പേസർ അർഷ്ദീപ് സിംഗിന് കവർ അപ്പായി ഹരിയാനക്കാരൻ പേസർ അൻഷുൽ കാംബോജിനെ ഇംഗ്ളണ്ടിന് എതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തി. പരിശീലനത്തിനിടെ സായ് സുദർശന്റെ ഷോട്ട് തടുക്കുന്നതിനിടെയാണ് അർഷ്ദീപിന്റെ ബൗൾ ചെയ്യുന്ന ഇടം കൈ മുറിഞ്ഞത്. തുന്നലിടേണ്ടിവന്നു. ഇതോടെയാണ് അൻഷുലിനെ ഇംഗ്ളണ്ടിലേക്കയച്ചത്. അർഷ്ദീപിന് ഇതുവരെ ഒരു മത്സരത്തിലും പ്ളേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല.

മറ്റൊരുപേസർ ആകാശ് ദീപ് സിംഗിനും പരിക്കിന്റെ ഭീഷണി ഉള്ളതിനാൽ അൻഷുലിന് ഇംഗ്ളണ്ടിൽ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാദ്ധ്യതയുണ്ട്. കഴിഞ്ഞമാസം ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ളണ്ട് പര്യടനം നടത്തിയ 24കാരനായ അൻഷുൽ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ചുപോയിന്റ് നേടിയിരുന്നു. കഴിഞ്ഞ സീസൺ രഞ്ജി ട്രോഫിയിൽ അൻഷുൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഈ സീസൺ ഐ.പി.എൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി എട്ടുമത്സരങ്ങളിൽ എട്ടുവിക്കറ്റുകൾ നേടിയിരുന്നു.