കനത്ത മഴ : ജലനിരപ്പ് ഉയരുന്നു, പമ്പ ത്രിവേണിയിൽ തീർത്ഥാടകർക്ക് വിലക്ക്
പത്തനംതിട്ട : മഴ ശക്തമായതോടെ നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പ, അച്ചൻകോവിൽ, മണിമല നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. ഇതോടൊപ്പം പാടശേഖരങ്ങളിലും മറ്റ് ജലാശയങ്ങളിലും വെള്ളം നിറഞ്ഞു. കർക്കടക മാസപൂജയ്ക്കായി നടതുറന്ന ശബരിമലയിൽ തീർത്ഥാടകരെ പമ്പയിൽ ഇറങ്ങി സ്നാനം ചെയ്യുന്നതിനും ബലിതർപ്പണങ്ങൾ നടത്തുന്നതിനും വിലക്കി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വടം കെട്ടിയാണ് തീർത്ഥാടകരെ തടയുന്നത്. ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് കൂടുകയും ചെയ്തതോടെ പ്രത്യേക പരിശീലനം നേടിയ അഞ്ച് അഗ്നിരക്ഷാ സേനാംഗങ്ങളെക്കൂടി ഇന്നലെ പമ്പയിൽ എത്തിച്ചു.
ഇതോടെ പമ്പയിൽ 19 പേർ ഉൾപ്പടെ 41 അഗ്നിരക്ഷാ സേനാംഗങ്ങളെ സന്നിധാനത്തും നിലയ്ക്കലുമായി വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മൂഴിയാർ, മണിയാർ, കൊച്ചുപമ്പ, കക്കി തുടങ്ങിയ ഡാമുകളിൽ ജലനിരപ്പ് ഉർന്നു തുടങ്ങി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി.
പള്ളിയോടങ്ങൾക്ക് ജാഗ്രതാനിർദേശം
പമ്പാനദിയിൽ ജലനിരപ്പുയർന്നത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് വഴിപാട് വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ വരവിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നീന്തൽ അറിയാത്തവരെയും മുൻ പരിചയമില്ലാത്തവരെയും പള്ളിയോടങ്ങളിൽ കയറ്റരുതെന്ന് ജില്ലാ ഭരണകൂടവും പള്ളിയോട സേവാസംഘവും പള്ളിയോട കരകൾക്ക് നിർദ്ദേശം നൽകി.
മഴയും കാറ്റും ശക്തമായതോടെ ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ പച്ചക്കറി, വാഴ, കപ്പ, വെറ്റക്കൊടി കർഷകർ പ്രതിസന്ധിയിലായി. തകിടി പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞതോടെ കൃഷി ഇറക്കിയവർ വിളവെത്തും മുൻപുതന്നെ ഇവ പിഴുതുമാറ്റുകയാണ്.
ശ്രദ്ധിക്കണം
1. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
2. ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.
3. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം.
4. നദികളോ ജലാശയങ്ങളോ മുറിച്ചു കടക്കാനോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
5. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കണം.
സഹായങ്ങൾക്ക് വിളിക്കുക ടോൾ ഫ്രീ നമ്പർ : 1077, 1070