മൈലപ്ര റോഡ് തകർച്ച : പഴിചാരി വകുപ്പുകൾ

Monday 21 July 2025 12:49 AM IST

പത്തനംതിട്ട : മൈലപ്ര റോഡ് തകർന്ന സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് വകുപ്പുകൾ. എസ്.പി ഓഫീസ് – മൈലപ്ര ഭാഗത്തെ റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ പാത അതോറിട്ടിയുടെ ചുമതലയിലുള്ള ഈ റോഡ് കണ്ടില്ലെന്ന് നടിയ്ക്കുകയാണ് അധികൃതർ. ഇവി​ടെ വാഹന അപകടവും പതി​വാണ്. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. ജലഅതോറിട്ടിയുടെ പൈപ്പ് പൊട്ടിയതോടെയാണ് റോഡ് തകർന്നത്. അറ്റകുറ്റപ്പണി നടത്തി റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്വം വാട്ടർ അതോറിട്ടിക്കാണെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. പി.ഡബ്ല്യു.ഡി വകുപ്പിന്റെ കീഴിലായിരുന്ന റോഡ് കഴിഞ്ഞവർഷമാണ് ദേശീയപാത അധികൃതർക്ക് കൈമാറിയത്.