ഭർത്താവ് കുഞ്ഞിനായി അവകാശവാദമുന്നയിച്ചു : മകനുമായി പുഴയിൽ ചാടിയ യുവതി മരിച്ചു

Monday 21 July 2025 1:49 AM IST

പഴയങ്ങാടി (കണ്ണൂർ): മൂന്നുവയസുകാരൻ മകനുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മകൻ ക്രിഷിവ് രാജിനായി തെരച്ചിൽ തുടരുന്നു. കണ്ണൂർ വെങ്ങര വയലപ്ര ജനരക്ഷ വായനശാലക്ക് സമീപം ആർ.എം നിവാസിൽ എം.വി.റീമയാണ് (32) മരിച്ചത്. മരണത്തിനുത്തരവാദി ഭർത്താവും ഭർതൃമാതാവുമാണെന്ന് ഫോണിൽ ഇംഗ്ലീഷിൽ സന്ദേശമെഴുതി വച്ചശേഷമാണ് യുവതി പുഴയിൽ ചാടിയത്. ഇന്നലെ പുലർച്ചെ ഒന്നോടെ ചെമ്പല്ലിക്കുണ്ട് പാലത്തിലായിരുന്നു സംഭവം.

റീമയും ഭർത്താവ് ഇരിണാവ് സ്വദേശി കമൽരാജും ഗൾഫിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇവർ അകന്നു കഴിയുകയാണ്. കഴിഞ്ഞദിവസം നാട്ടിലെത്തിയ കമൽരാജും റീമയും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കുട്ടിയെ വിട്ടുനൽകണമെന്ന് കമൽരാജ് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ ഗൾഫിൽ കൊണ്ടുപോകുമെന്നും ഇതിനായി ഞായറാഴ്ച എത്തുമെന്നും പറഞ്ഞിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഇന്നലെ ചർച്ച നടക്കാനിരിക്കുകയായിരുന്നെന്ന് റീമയുടെ സഹോദരീ ഭർത്താവ് പറഞ്ഞു. ഭർതൃപീഡനത്തെത്തുടർന്ന് റീമ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

സ്കൂട്ടറിലാണ് ഇരുവരും പാലത്തിന് സമീപമെത്തിയത്. മത്സ്യത്തൊഴിലാളികളാണ് പുഴയിൽ ചാടുന്നത് കണ്ടത്. ഇന്നലെ രാവിലെ എട്ടോടെ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് റീമയുടെ മൃതദേഹം ഫയർഫോഴ്‌സും സ്‌കൂബ ടീമും കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിൽ. വെങ്ങര നടക്കുതാഴെ മോഹനൻ- രമ ദമ്പതികളുടെ മകളാണ്. സഹോദരി: രമ്യ.