കൊട്ടാരക്കര മാർക്കറ്റ്: തടസങ്ങൾ മാറി, 3 മാസത്തിനകം തുറക്കും

Monday 21 July 2025 12:51 AM IST
കൊട്ടാരക്കര മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഹൈടെക് മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നിർമ്മാണ പുരോഗതിയും വെല്ലുവിളികളും

2024 ജൂൺ 25-ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പിന്നീട് മാസങ്ങളോളം ജോലികൾ തുടങ്ങാനായില്ല. താത്കാലിക ചന്തയിൽ വലിയ അസൗകര്യങ്ങൾ നേരിട്ട വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവിൽ തടസങ്ങൾ നീങ്ങി നിർമ്മാണം വേഗത്തിലായതോടെ വ്യാപാരികൾ ആശ്വാസത്തിലാണ്. ഓണത്തിനു മുൻപ് പുതിയ ചന്ത പ്രവർത്തനമാരംഭിച്ചിരുന്നെങ്കിൽ അത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വലിയ പ്രയോജനം ചെയ്തേനെ. എന്നാൽ ഈ ഓണക്കാലത്തും താത്കാലിക ചന്തയിലെ പരിമിതികളിൽത്തന്നെയാകും വ്യാപാരം നടക്കുക

5 കോടിയുടെ ഹൈടെക് പദ്ധതി

  • 42 സെന്റ് ഭൂമിയാണ് ചന്തയ്ക്കായി ഉള്ളത്.
  • ഇവിടെ മാർക്കറ്റ് സമുച്ചയം നിർമ്മിക്കാൻ 5 കോടി രൂപ അനുവദിച്ചു
  • സംസ്ഥാന തീരദേശ വികസന കോർപ്പറനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്.
  • 2 നിലയുള്ള 23,000 ചതുരശ്ര അടി വിസ്തീർണമുള്ള മാർക്കറ്റ് കെട്ടിടം
  • 33 കടമുറികൾ,8 ഇറച്ചി തയ്യാറാക്കൽ കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, ടോയ്ലറ്റ് സംവിധാനം
  • 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 19 മത്സ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം
  • ഓഫീസ് മുറി, സെക്യൂരിറ്റി സംവിധാനം, പ്രവേശന കവാടങ്ങൾ, മാലിന്യ സംസ്കരണ സംവിധാനം
  • നിരീക്ഷണ കാമറകൾ എന്നിവയൊക്കെ പദ്ധതിയിലുണ്ട്.