കരാറുകാരുടെ വീഴ്ച കൊപ്ര സംഭരണത്തിന് തിരിച്ചടിയെന്ന് കേരഫെഡ്

Monday 21 July 2025 12:54 AM IST

കൊച്ചി: കേരഫെഡിന്റെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ വ്യക്തമാക്കി.

സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിന് കൈക്കൊണ്ട നടപടികൾ പൂർണമായും വിസ്മരിച്ചാണ് തെറ്റായ പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ കുറിച്ച് സാജു സുരേന്ദ്രൻ വിശദീകരിക്കുന്നു.

?ഓണക്കാലത്തേക്കുള്ള കൊപ്ര സംഭരണം?

ഓണക്കാലത്തേക്ക് ആവശ്യമായ കൊപ്ര കേരഫെഡ് സംഭരിക്കുന്നില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. ജനുവരി മുതൽ ജൂൺ വരെ കേരഫെഡ് ശരാശരി 912.2 ടൺ കൊപ്ര സ്റ്റോക്ക് നിലനിർത്തിയിരുന്നു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2023ലെ സ്റ്റോക്കിന് (998.8 ടൺ) അടുത്താണിത്.

? കേരഫെഡിലെ പ്രതിസന്ധി?

വിതരണക്കാരുടെ വീഴ്ചയാണ്

യഥാർത്ഥ പ്രശ്നം. ഉറപ്പിച്ച കരാറുകൾ പാലിക്കപ്പെട്ടില്ല. വിപണി വില കുതിച്ചുകയറിയതോടെ പല കരാറുകാരും പിന്മാറി. 2000 ടൺ കൊപ്ര ഓർഡർ നൽകിയതിൽ 10 ശതമാനമാണ് ലഭിച്ചത്.

?എന്തുകൊണ്ട് കർഷകർക്ക് പകരം സ്വകാര്യ വ്യാപാരികൾ

കർഷകരെയും സഹകരണ സ്ഥാപനങ്ങളെയും പിന്തുണക്കുന്ന മാതൃകയാണ് കേരഫെഡ് ആദ്യം തയ്യാറാക്കിയത്. പല സൊസൈറ്റികളും ഫണ്ട് പ്രയോജനപ്പെടുത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പുതുക്കിയില്ല. 15 വർഷമായി സഹകരണ സ്ഥാപനങ്ങൾ ഒരു കിലോ കൊപ്ര പോലും നൽകുന്നില്ല. അതിനാലാണ് കേരഫെഡ് ഓപ്പൺ ടെൻഡറുകളിലേക്ക് തിരിഞ്ഞത്.

? നിലവിലെ സംഭരണരീതി?

 ഓപ്പൺ ടെൻഡർ, ലിമിറ്റഡ് ടെൻഡർ എന്നിവയോടൊപ്പം കർഷകരിൽ നിന്ന് നേരിട്ടും കൊപ്ര സംഭരിക്കുന്നു. നിരതദ്രവ്യമോ പിഴയോ ബാധകമല്ലാത്തതിനാൽ കർഷകരിൽ നിന്നുള്ള സംഭരണം ഏറെ ദുരുപയോഗം ചെയ്യുന്നു. യാഥാർത്ഥ കർഷകർ ഇതിൽ ഒരു ശതമാനം പോലുമില്ല. നേരത്തെ ലോഡുകൾ അകാരണമായി നിരസിച്ച് കമ്മീഷൻ വാങ്ങിയ ശേഷം സ്വീകരിച്ചിരുന്നു. നിലവിൽ സംഭരണം പൂർണമായും ക്യാമറ നിരീക്ഷണത്തിലാണ്.

? വെളിച്ചെണ്ണ വില കുതിച്ചുയരാൻ കാരണം?

കൊപ്ര വിപണിയിലെ സമ്മർദ്ദമാണ് വെളിച്ചെണ്ണ വില ഉയർത്തുന്നത്. 2024ൽ കൊപ്ര വില കിലോയ്ക്ക് 90–100 രൂപയായിരുന്നു. 2025ൽ വില 280–300 ആയി ഉയർന്നു. വെളിച്ചെണ്ണ വില ലീറ്ററിന് 210 ൽ നിന്ന് 529 രൂപയാവുകയും ചെയ്തു . സർക്കാർ സബ്‌സിഡി ലഭിക്കാത്ത കേരഫെഡിന്റെ നിലനിൽപ്പിന് വിപണി നിയന്ത്രണം അനിവാര്യമാണ്.