റബർ വില കുതിക്കുന്നു, കുരുമുളകിന് ഇറക്കുമതി ഭീഷണി
റബർ വില 211 രൂപ കടന്നു
കോട്ടയം: ഒരാഴ്ചയ്ക്കിടെ കിലോയ‌്ക്ക് ആറ് രൂപയുടെ വർദ്ധനയുമായി ഡബിൾ സെഞ്ച്വറി പിന്നിട്ട് റബർ വില കുതിക്കുന്നു. കനത്ത മഴയിൽ ടാപ്പിംഗ് നടക്കാത്തതിനാൽ സാധാരണ കർഷകർക്ക് വില വർദ്ധനയുടെ നേട്ടം ലഭിക്കുന്നില്ല. ഷീറ്റ് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം ഒരു വർഷം മുൻപ് വില 255 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 211 രൂപയും വ്യാപാരി വില 203 രൂപയുമാണ്. ലോട്ട് റബറിന് 186ഉം ഒട്ടുപാലിന് 133 രൂപയുമായി.
രാജ്യാന്തര വിപണിയിൽ വില 16 രൂപ വരെ കുറവാണ്. ചൈനയിൽ റബർ ഉപഭോഗം കുറഞ്ഞതോടെ ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ കിലോയ്‌ക്ക് അഞ്ച് രൂപ കുറഞ്ഞു.
രാജ്യാന്തര വില
ചൈന - 169 രൂപ
ടോക്കിയോ -182 രൂപ
ബാങ്കോക്ക് -195 രൂപ
കുരുമുളക് വില കുറയുന്നു
ഇറക്കുമതി കൂടിയതോടെ കുരുമുളകിന്റെ ആഭ്യന്തര വില ഇടിഞ്ഞു. വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് 7000 ടൺ കുരുമുളക് മേയ്, ജൂൺ മാസങ്ങളിലെത്തി. കുരുമുളക് വരവ് കുറഞ്ഞിട്ടും ഡിമാൻഡ് ഇല്ലാത്തതിനാൽ വ്യാപാരികൾ വാങ്ങാൻ മടിച്ചു. ശ്രീലങ്കൻ മുളകിന് വില കുറവും സാന്ദ്രത കൂടുതലുമായതിനാൽ മസാല കമ്പനികൾക്ക് അവയോടാണ് താത്പര്യം.
#കയറ്റുമതി നിരക്ക്
വില ടണ്ണിന്(ഡോളറിൽ)
വിയറ്റ്നാം :6400
ശ്രീലങ്ക : 7000
ബ്രസീൽ : 5900
ഇന്ത്യ: 8200