ലാഭപ്പെരുമഴയിൽ കീശ നിറച്ച് സ്വകാര്യ ബാങ്കുകൾ

Monday 21 July 2025 12:59 AM IST

മൂന്ന് മുൻനിര ബാങ്കുകളുടെ അറ്റാദായം 31,723 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തിൽ മികച്ച കുതിപ്പ്. ഇന്നലെ പ്രവർത്തന ഫലം പ്രഖ്യാപിച്ച എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 12.24 ശതമാനം ഉയർന്ന് 18,155.21 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലയളവിൽ 5.4 ശതമാനം വർദ്ധിച്ച് 31,438 കോടി രൂപയായി. പലിശ ഇതര വരുമാനത്തിലെ മികച്ച വർദ്ധനയാണ് എച്ച്.ഡി.എഫ്.സി ബാങ്കിന് അനുഗ്രഹമായത്. ഉപകമ്പനിയായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസിന്റെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ മികച്ച വരുമാനം നേടാൻ ബാങ്കിന് കഴിഞ്ഞിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 15.5 ശതമാനം ഉയർന്ന് 12,768.21 കോടി രൂപയായി. അറ്റ പലിശ വരുമാനം 10.6 ശതമാനം വർദ്ധനയോടെ 21,635 കോടി രൂപയിലെത്തി. പുതുതലമുറ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവിൽ 59 ശതമാനം ഉയർന്ന് 801 കോടി രൂപയിലെത്തി.

മാർജിൻ കുറയുന്നു

റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ മൂന്ന് തവണയായി ഒരു ശതമാനം കുറച്ചതോടെ ബാങ്കുകൾക്ക് പലിശ വരുമാനത്തിലെ മാർജിൻ സമ്മർദ്ദം ശക്തമായി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പലിശ മാർജിൻ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 3.35 ശതമാനമായി താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാർജിനും 4.34 ശതമാനമായി കുറഞ്ഞു. യെസ് ബാങ്കിന്റെ പലിശ മാർജിൻ 2.5 ശതമാനമാണ്.

നിക്ഷേപങ്ങളും വായ്പയും കൂടുന്നു

അവലോകന കാലയളവിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം വായ്പ 6.7 ശതമാനം ഉയർന്ന് 26.53 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപം 16.2 ശതമാനം വളർച്ചയോടെ 27.64 ലക്ഷം കോടി രൂപയായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വായ്പ വിതരണത്തിൽ 12 ശതമാനവും നിക്ഷേപ സമാഹരണത്തിൽ 11.2 ശതമാനവും വളർച്ചയുണ്ടായി.

ബാങ്ക്: അറ്റാദായം: അറ്റ എൻ.പി.എ

എച്ച്.ഡി.എഫ്.സി ബാങ്ക്: 18,155 കോടി രൂപ: 0.47 ശതമാനം

ഐ.സി.ഐ.സി.ഐ ബാങ്ക്: 12,768 കോടി രൂപ: 0.41 ശതമാനം

യെസ് ബാങ്ക് : 801 കോടി രൂപ: 0.3 ശതമാനം