മഴയത്ത് ദേശീയപാതയിൽ തിരക്കിട്ട് കുഴിയടപ്പ്
കൊല്ലം: തോരാമഴയിൽ ദേശീയപാതയിൽ കോൺക്രീറ്റിട്ട് കുഴിയടപ്പ് പ്രഹസനം. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കൊല്ലം ടൗൺ ഹാളിന് മുന്നിലാണ് ഇന്നലെ എൻ.എച്ച് വിഭാഗം കുഴിയടപ്പിന് ഇറങ്ങിയത്. കോർപ്പറേഷന് സമീപം മുതൽ എസ്.എൻ കോളേജിന് സമീപം വരെ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. മേവറം മുതൽ ആൽത്തറമൂട് വരെയുള്ള നവീകരണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്.
കുഴികളിലെ വെള്ളം കോരിമാറ്റി തുണി ഉപയോഗിച്ച് തുടച്ചശേഷമാണ് കോൺക്രീറ്റ് മിശ്രിതം ഇട്ടത്. എന്നാൽ ഈ സമയത്തും മഴ നിറുത്താതെ പെയ്യുന്നുണ്ടായിരുന്നു. റോഡിലെ കുഴികളടയ്ക്കണമെന്ന നാളുകളായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് തിടുക്കപ്പെട്ടുള്ള നടപടി.
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് എതിരെ നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അവഗണിക്കുകയായിരുന്നു. എന്നാൽ ബീച്ച് റോഡിലെ മേൽപ്പാലം ആരംഭിക്കുന്നിടത്തെ വലിയ കുഴി കരാറുകാർ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതിന് ചുറ്റും അപായ സൂചനാ ബോർഡുകൾ നിരത്തിയിട്ടുണ്ട്. കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. വെള്ളം കുറയുന്ന മുറയ്ക്ക് അവിടെയും നവീകരണം നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
റോഡില്ല, കുഴിയേറെ
റോഡിന്റെ പല ഭാഗത്തും രൂപപ്പെട്ട നിരവധി വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മാസങ്ങളായി റോഡ് തകർന്നിട്ട്. മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്ത കുഴികൾ വീണ്ടും പ്രത്യക്ഷപ്പെടും. തിരക്കേറിയ റോഡിലാണ് അധികൃതരുടെ ഈ അനാസ്ഥ.
റോഡിലെ അറ്റകുറ്റപ്പണികൾക്ക് മഴ തടസമല്ല. സാധാരണ റോഡുപണികൾക്ക് ഉപയോഗിക്കുന്ന മിക്സല്ല ഉപയോഗിക്കുന്നത്. കോൾഡ് മിക്സാണ് ഉപയോഗിച്ചിട്ടുള്ളത്.
അസി. എൻജിനിയർ,
എൻ.എച്ച് വിഭാഗം