സഹകരണ ബാങ്ക് തട്ടിപ്പ്, ബി.ജെ.പി മാർച്ചും ധർണയും
ക്ലാപ്പന: ക്ലാപ്പന ഫാർമേഴ്സ് ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതിയിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ജിതിൻ ദേവ് ആവശ്യപ്പെട്ടു. ബി.ജെ.പി. ക്ലാപ്പന പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംഘത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ ഒരു കോടിയോളം രൂപയാണ് വ്യാജ രസീതുകൾ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതി തട്ടിയെടുത്തതെന്ന് ജിതിൻ ദേവ് ആരോപിച്ചു. ഓഡിറ്ററുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാൻ പൊലീസ് നടപടി വൈകിപ്പിക്കുന്നത് സി.പി.എം നേതാക്കളുടെ ഇടപെടൽ കൊണ്ടാണെന്നും ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും ക്ലാപ്പനയിലെ സി.പി.എം നേതൃത്വം ഒരു പ്രസ്താവന പോലും നടത്താത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ നിയമം 68 ചാർജ് ചുമത്തി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ തയ്യാറാകണമെന്നും ജിതിൻ ദേവ് ആവശ്യപ്പെട്ടു. തോട്ടത്തിൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണയിൽ ബി.ജെ.പി ക്ലാപ്പന പഞ്ചായത്ത് സമിതി പ്രസിഡന്റ് സി. വി. ശിവകുമാർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ. മുരളി, കുട്ടൻശാന്തി, സജികുമാർ, പ്രസാദ് കൊല്ലശ്ശേരി, സുനിൽ വള്ളിക്കാവ് തുടങ്ങിയവർ സംസാരിച്ചു.