മിഥുനില്ലാത്ത 8 ബി, നാളെ സ്കൂൾ വീണ്ടും തുറക്കും
കൊല്ലം: ഒത്തിരി നോവായി മിഥുൻ ഇത്തിരിച്ചാരമായി മണ്ണിലലിഞ്ഞെങ്കിലും അവൻ പഠിച്ച ക്ളാസ് മുറിയും ഓടിക്കളിച്ച സ്കൂൾ മുറ്റവും നാളെ വീണ്ടുമുണരും. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ട് ബിയിലെ ബഞ്ചിൽ ഇനി മുതൽ അവനില്ലെന്ന വസ്തുത കൂട്ടുകാർക്കറിയാം, എന്നാലും അതുൾക്കൊള്ളുക പ്രയാസകരമാകും.
അതേ ക്ളാസ് മുറിയിലൂടെയാണ് കൂട്ടുകാരുടെ മുന്നിൽ വച്ച് മിഥുൻ മരണത്തിലേക്ക് കാലടിവച്ച് കയറിയത്. ഉൾക്കിടലത്തോടെയും അതിലേറെ സങ്കടത്തോടെയുമേ അവർക്കത് ഓർക്കാനാകൂ. വ്യാഴാഴ്ച രാവിലെ മിഥുനുണ്ടായ ദുരന്തത്തിന് ശേഷം സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ മിഥുന്റെ ചേതനയറ്റ ശരീരം സ്കൂൾ മുറ്റത്ത് കൊണ്ടുവന്നപ്പോഴുണ്ടായ നിലവിളിയും ഏങ്ങലും ഇനിയും അടങ്ങിയിട്ടില്ല. ക്ളാസ് ടീച്ചർ റൂബിയും മറ്റ് അദ്ധ്യാപകരും മിഥുന്റെ കൂട്ടുകാരുമൊക്കെ നാളെ പെയ്തുതോരാത്ത സങ്കടങ്ങളുമായാകും സ്കൂളിലേക്കെത്തുക. പ്രഥമാദ്ധ്യാപിക എസ്.സുജയെ സസ്പെൻഡ് ചെയ്തതിനാൽ അദ്ധ്യാപിക ജി.മോളിക്കാണ് പകരം ചുമതല നൽകിയിട്ടുള്ളത്.