പൊലീസിന്റെ 'ഹോപ്പി'ൽ പ്രതീക്ഷയോടെ കുട്ടികൾ

Monday 21 July 2025 12:14 AM IST

കൊ​ല്ലം: കേരള പൊലീസിന്റെ സോഷ്യൽ പൊലീസിംഗ് വിഭാഗം നടപ്പാക്കുന്ന 'ഹോപ്പ് ' പദ്ധതിയിലൂടെ പ്ളസ് ടു തുല്യത പരീക്ഷയെഴുതാൻ തയ്യാറായി 40 വിദ്യാർത്ഥികൾ. നാഷണൽ ഓപ്പൺ സ്കൂളിന്റെ ഷെഡ്യൂൾ പ്രകാരം കഴിഞ്ഞ മാർച്ചിൽ പരീക്ഷ എഴുതാമായിരുന്നെങ്കിലും അത്​ ഒഴിവാക്കി ഒക്​ടോബറിൽ എഴുതാനുള്ള തയ്യാറെടുപ്പിലാണ്​ സംഘം.

54 വിദ്യാർത്ഥികളാണ് 2024- 25 അദ്ധ്യയന വർഷം ഹോപ്പിൽ ചേർന്നത്. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുപോയവരാണ് ഭൂരിഭാഗവും​. ഇതിൽ മൂന്ന് വിദ്യാർത്ഥികൾ സ്റ്റേറ്റ് സിലബസിൽ കഴിഞ്ഞ പ്ലസ്ടു സയൻസ് പരീക്ഷ എഴുതിയെങ്കിലും ഒരാൾ മാത്രമാണ് വിജയിച്ചത്. മറ്റു രണ്ടുപേർ സേ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. ബാക്കിയുള്ളവർ അടുത്ത മാർച്ചിലേക്കുള്ള പരീക്ഷയ്ക്കാണ് തയ്യാറെടുക്കുന്നത്. ഇത്തവണ പുതിയ ബാച്ചിന് അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ 20 ഓളം അപേക്ഷകൾ ലഭിച്ചു. ഇതിൽ കൂടുതലും പ്ലസ്​ ടുവിന്​ വിവിധ വിഷയങ്ങൾ നഷ്ടപ്പെട്ടവരാണ്. പത്തോളം പേർ സയൻസ്​ വിഷയത്തിൽ തന്നെയുണ്ട്​. ഇത്തവണ കൂടുതൽ കുട്ടികൾ കോഴ്​സിന്​ എത്തുമെന്ന കണക്കുകൂട്ടലിലാണ്​ ‘ഹോപ്​’ അധികൃതർ.

പഠനം സൗജന്യം

 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാത്തവരെയും പഠനം മുടങ്ങിയവരെയും കണ്ടെത്തി ചേർക്കും

 പ്ളസ് ടു തുല്യത പരീക്ഷയെഴുതാൻ 40 പേർ

 കേരള സിലബസിൽ പഠനം ബുദ്ധിമുട്ടുള്ളവർക്ക് എൻ.ഐ.ഒ.എസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗ്) തുല്യത പഠന രീതി

 വിദഗ്‌ദ്ധ അദ്ധ്യാപകരുടെ ക്ലാസുകൾക്ക് പുറമെ കൗൺസലിംഗ്, മോട്ടിവേഷൻ, മെന്ററിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്പ്മെന്റ്, കരിയർ ഗൈഡൻസ് തുടങ്ങിയ സൗകര്യങ്ങൾ

 ഓപ്പൺ സ്കൂൾ തുല്യത പ്ലസ്​ ടു തിരഞ്ഞെടുക്കുന്നവർക്ക്​ 2250 രൂപ രജിസ്​ട്രേഷൻ ഫീസും 1500 രൂപ ഫീസും ​പൊലീസ്​ ഡിവിഷൻ തന്നെ അടയ്ക്കും. ഐ.ഡി കാർഡ്​ ഉൾപ്പടെ സൗജന്യം

ഇരുപത് വയസിൽ താഴെയുള്ളവർക്ക് ചാമക്കടയിലെ ഡി ക്യാപ് സെന്ററിലാണ് (പഴയ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ) സൗജന്യ ക്ലാസ് നൽകുന്നത്. ജില്ലാ അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസാണ് ജില്ലാ സോഷ്യൽ പൊലീസിംഗ് നോഡൽ ഓഫീസറായി പ്രവർത്തിക്കുന്നത്.

ഹോപ്പ് അധികൃതർ

ഫോൺ: 9048042066, 9447142630.