സോഷ്യൽ മീഡിയയിലൂടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ആരോഗ്യവകുപ്പിനെതിരെ തുടർച്ചയായി ഉണ്ടാകുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ചേർന്ന വകുപ്പിന്റെ അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി വീണാജോർജ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി മേധാവിയുടെ തുറന്നു പറച്ചിലിന്റെയും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിന്റെയും പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഇവ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് മന്ത്രിയുടെ നിർദ്ദേശമെന്നാണ് വിവരം.
ആരോഗ്യവകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും വികസന പ്രവർത്തനങ്ങൾക്ക് ജില്ലാടിസ്ഥാനത്തിൽ പ്രചാരണം നൽകണം. ഇത് താഴേതട്ടിൽ എത്തണം. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ റീച്ച് പരമാവധി വർദ്ധിപ്പിക്കണം. ആശുപത്രിയിലെത്തുന്നവരുടെ അനുഭവം,ആധുനിക സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം ലഘു വീഡിയോകളും പോസ്റ്ററുകളുമാക്കണം.
പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ജനറൽ ആശുപത്രികൾ വരെ ഈ സർക്കാരിന്റെ കാലയളവിൽ ചെയ്ത പ്രവർത്തനങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കണം. ഇത് സംസ്ഥാനാടിസ്ഥാനത്തിലുള്ള പേജുകളിലുൾപ്പെടെ ഷെയർ ചെയ്യും. ജീവനക്കാരും പരമാവധി സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും നിർദ്ദേശമുണ്ട്.