'ഇരയും കുറ്റവാളിയും" നയം മയപ്പെടുത്തി: സിനിമ കോൺക്ലേവിൽ ഡബ്ലിയു.സി.സി എത്തും
കൊച്ചി: ഇരകളും കുറ്റവാളികളും നേർക്കുനേർ എത്തുമെന്ന ആശങ്ക മാറ്റിവച്ച് 'വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ (ഡബ്ലിയു.സി.സി)" സിനിമ കോൺക്ലേവിനെത്തും. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന നയരൂപീകരണ യോഗത്തിലെ പാനൽ ചർച്ചയിലേക്കടക്കം ഡബ്ലിയു.സി.സിക്ക് സർക്കാരിന്റെ ക്ഷണം ലഭിച്ചു. വനിതകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ കോൺക്ലേവ് എങ്ങനെ ഉൾക്കൊള്ളുമെന്നതിലാണ് ആകാംക്ഷയെന്ന് സംഘടനയിലെ മുതിർന്ന അംഗം കേരളകൗമുദിയോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന് ഒരു വർഷത്തിനു ശേഷമാണ് കോൺക്ലേവ് നടക്കുന്നത്. കഴിഞ്ഞവർഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായപ്പോൾ ഡബ്ലിയു.സി.സി അംഗമായി നടി പാർവതി തിരുവോത്തിന്റെ പ്രസ്താവന സർക്കാരിനെ പ്രതിരോധത്തിലാക്കി. കോൺക്ലേവിൽ ഇരകൾക്ക് കുറ്റവാളികളെ മുഖാമുഖം കാണേണ്ടി വരില്ലേയെന്നും എങ്ങനെ സ്വതന്ത്രമായി അഭിപ്രായം പറയുമെന്നുമാണ് പാർവതി ചോദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത മൂന്ന് ഡസൻ പീഡനക്കേസുകളും തേഞ്ഞുമാഞ്ഞ അവസരത്തിലാണ് കോൺക്ലേവ് നടക്കുന്നത്. എന്നാൽ ഹേമ റിപ്പോർട്ടിൽ സ്ത്രീ സുരക്ഷയ്ക്കപ്പുറം, സമത്വം ഉറപ്പാക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളുണ്ടെന്ന് ഡബ്ലിയു.സി.സി പ്രതിനിധി പറഞ്ഞു. സിനിമ സെറ്റുകളിൽ ആഭ്യന്തര പ്രശ്നപരിഹാര സമിതി നിർബന്ധിതമാക്കിയത് നേട്ടമായാണ് ഡബ്ലിയു.സി.സി കാണുന്നത്.
കോൺക്ലേവിനെ തുടർന്ന് സിനിമാനയം രൂപീകരിക്കുമെന്നും രണ്ടുമാസത്തിനകം നിയമ നിർമ്മാണം നടത്തുമെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കോടതി മാർഗനിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താകും സിനിമാനയം അന്തിമമാക്കുക.
കരാർ വേണമെന്ന് ഡബ്ലിയു.സി.സി
1. തൊഴിൽ തർക്കം പരിഹരിക്കാൻ സിനിമാ ട്രൈബ്യൂണൽ
2. എല്ലാവർക്കും കരാറും ഇൻഷ്വറൻസും
3. ലിംഗ - തൊഴിൽ സമത്വവും
4. പരാതി റിപ്പോർട്ട് ചെയ്യാനും തിരുത്തൽ നടപടിക്കും സംവിധാനം
5. സിനിമയിൽ ഓരോ പ്രവർത്തകനും ഔദ്യോഗിക ഐ.ഡി