സംസ്ഥാനത്ത് ആകെ 571 പേർ സമ്പർക്കപ്പട്ടികയിൽ

Monday 21 July 2025 12:59 AM IST

മലപ്പുറം: വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 62, പാലക്കാട് 418, കോഴിക്കോട് 89, എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള രണ്ടു പേരേയും കോഴിക്കോട് നിന്നുള്ള ഏഴു പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 27 പേർ ഹൈയസ്റ്റ് റിസ്‌കിലും 78 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.