കടുവാപ്പേടി...സുരക്ഷയുമില്ല
കാളികാവ്: തൊഴിലാളികൾ കടുവാപ്പേടിയിലാവുകയും സുരക്ഷയ്ക്കായുള്ള എസ്റ്റേറ്റിന്റെ തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ ഏറ്റവും വലിയ റബർ എസ്റ്റേറ്റായ പുല്ലങ്കോട് പൂട്ടലിന്റെ വക്കിൽ.
കടുവാപ്പേടിയിൽ തൊഴിലാളികൾ
ജോലിക്കെത്താത്ത അവസ്ഥയാണ്. ഒരു വർഷത്തോളമായി നിരന്തരം കടുവയും പുലിയും തോട്ടത്തിലിറങ്ങുന്നത് കടുത്ത ഭീഷണിയാണ്.
രണ്ടുമാസം മുമ്പ് തൊഴിലാളിയെ കടുവ കൊന്നതോടെ മേഖലയിൽ തൊഴിലാളികൾ പലരും ടാപ്പിംഗ് ജോലി ഉപേക്ഷിച്ചിരുന്നു. നാനൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റിലും പലരും ജോലി ഉപേക്ഷിച്ചു പോയി.ബാക്കിയുള്ള തൊഴിലാളികളും കൊഴിഞ്ഞു പോകുമോയെന്ന ഭയമാണ് മാനേജ്‌മെന്റിനുള്ളത്.
നേരത്തെ തൊഴിലാളികൾക്ക് സുരക്ഷ നൽകുന്നതിന് തോക്കേന്തിയ കാവൽക്കാരെ എസ്റ്റേറ്റ് നിയമിച്ചിരുന്നു.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എസ്റ്റേറ്റിൽ നാലു വർഷം മുമ്പുവരെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചിരുന്നു.മാവോവാദി ഭീഷണിയുടെ പേരിലാണ് കാളികാവ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ തോക്കുകളും അധികൃതർ തിരിച്ചു വാങ്ങിയത്. പിന്നീടിതുവരെ തിരിച്ചു നൽകിയിട്ടില്ല.
ഇതോടെ പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ മാർഗ്ഗമില്ലാതായി.
പ്രതിഷേധം ശക്തം
- കഴിഞ്ഞ ആറുമാസത്തിനിടെ പല പ്രാവശ്യം തൊഴിലാളികൾ കടുവയെ നേരിട്ടു കണ്ടിട്ടുണ്ട്.
- കഴിഞ്ഞ ദിവസം തോട്ടത്തിൽ നിന്ന് പശുവിനെ ആക്രമിച്ചതോടെ വീണ്ടും ഭീതിയേറി.
- തോക്കു ലൈസൻസ് പുതുക്കി നൽകാത്തതിൽ കടുത്ത പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തു വന്നിട്ടുണ്ട്.
- എസ്റ്റേറ്റിന്റെ മൂന്നു തോക്കുകളാണ് അധികൃതർ ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചു വച്ചിട്ടുള്ളത്.ഇതിൽ പ്രതിഷേധിച്ച് വനപാലകരെ തൊഴിലാളികൾ തടഞ്ഞുവച്ചിരുന്നു.
- തൊഴിലാളികളുടെ സുരക്ഷ മാനേജുമെന്റ് ഉറപ്പ് നൽകാതെ ജോലിക്കെത്താനാവില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
നൂറ് കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകണം
വി.പി. വീരാൻ കുട്ടി , അസിസ്റ്റന്റ് ജനറൽ മാനേജർ , പുല്ലങ്കോട് എസ്റ്റേറ്റ്.