ഇ-ഹെൽത്ത് പദ്ധതി: രജിസ്‌ട്രേഷനിൽ മുന്നിൽ മലപ്പുറം
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം. 38.44 ലക്ഷം പേരാണ് ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2.59 കോടിയാണ്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ലയുടെ സ്ഥാനം മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളാണ്.
ജില്ലയിൽ ഇ-ഹെൽത്ത് സംവിധാനമെത്തിയത് 80 ആശുപത്രികളിലാണ്. ഈ മാസം 17ന് ഊരകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് ഒരുക്കിയതാണ് അവസാനത്തേത്.
ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ എടപ്പറ്റ, പുഴക്കാട്ടിരി, തേഞ്ഞിപ്പലം, അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ പാണക്കാട്, പരപ്പനങ്ങാടി, താനൂർ, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലും ഈ വർഷമാണ് ഇ-ഹെൽത്ത് സംവിധാനം ഒരുങ്ങിയത്.
.ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.
മഞ്ചേരി മെഡിക്കൽ കോളേജ്, മൂന്ന് ജില്ലാ ആശുപത്രികൾ, ഏഴ് താലൂക്ക് ആശുപത്രികൾ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, രണ്ട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകൾ, 49 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 13 അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി, ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിലാണ് ജില്ലയിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇ-ഹെൽത്ത് സേവനം കൂടുതൽ പേർ ഉപയോഗിക്കുന്നത്. പദ്ധതിയെ സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതിനാൽ പലരും ഐ.ഡി ഉണ്ടെങ്കിലും ഉപയോഗിക്കാൻ മടിക്കുന്ന സാഹചര്യമായിരുന്നു നേരത്തെ. എന്നാൽ, നിലവിൽ ആളുകൾ പദ്ധതിയെ സംബന്ധിച്ച് കൂടുതൽ അവബോധം നേടിയിട്ടുണ്ട്. മുഹമ്മദ് ഫാറൂഖ്, ഇ-ഹെൽത്ത് ജില്ലാ പ്രൊജക്ട് എൻജിനീയർ