നാളെ മുതൽ സ്വകാര്യ ബസുകൾ ഓടില്ലേ? വിവരം ഇന്നറിയാം, മന്ത്രിയുമായി ചർച്ച നടത്തും

Monday 21 July 2025 8:44 AM IST

തിരുവനന്തപുരം: നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സ്വകാര്യ ബസ് ഉടമകളെ വീണ്ടും ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറുമായാണ് ബസുടമകൾ ഇന്ന് വീണ്ടും ചർച്ച നടത്തുക. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഈ മാസം ഏഴിന്‌ സ്വകാര്യ ബസുടമകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷം സർക്കാർ ചർച്ച നടത്തിയതിന് ‌പിന്നാലെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ പിൻമാറിയിരുന്നു. മന്ത്രി കെ.ബി. ഗണേശ്കുമാറുമായുള്ള ചർച്ചയിൽ ധാരണയായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. ദീർഘകാലമായി സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക,ഇ-ചെലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.