'സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ യാത്രക്കാരുടെ ജീവനുൾപ്പെടെ ഭീഷണി', പേരാമ്പ്രയിൽ സ്വകാര്യ ബസ് തടഞ്ഞ് ഇന്നും പ്രതിഷേധം

Monday 21 July 2025 9:08 AM IST

കോഴിക്കോട്: സ്വകാര്യ ബസ് തട്ടി യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്രയിൽ ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തം. രാവിലെ കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ട എന്നാവശ്യപ്പെട്ടു.

റൂട്ടിൽ സ്വകാര്യബസുകളുടെ അമിത വേഗവും മരണപ്പാച്ചിലും യാത്രക്കാരുടെ ജീവനടക്കം ഭീഷണിയായി മാറിയെന്നും അതിനാൽ വാഹനം തടയുമെന്നുമാണ് പ്രവർത്തകർ നിലപാടെടുത്തത്. യാത്രക്കാരെ പുറത്തിറക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പകരം റൂട്ടിൽ കെഎസ്‌ആർ‌ടി‌സി സർവീസ് നടത്തണം എന്നാവശ്യപ്പെട്ടു.

പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കുന്നുണ്ട്. മുൻകാലങ്ങളിൽ ആവശ്യത്തിന് കെഎസ്‌ആർ‌ടിസി സർവീസുകൾ ഇതുവഴിയുണ്ടായിരുന്നതായും ഇപ്പോൾ നിർത്തിയെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസമാണ് സ്വകാര്യബസ് തട്ടി ഇവിടെ ജവാദ് എന്ന വിദ്യാർത്ഥി മരിച്ചത്. 19 വയസായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ജവാദിന്റെ ഇരുചക്രവാഹനത്തെ ഇടിക്കുകയും ബസിനടിയിൽ പെട്ട് ജവാദ് മരണടയുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞദിവസവും സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ തടയുമെന്ന് യുവജന സംഘടനകൾ പ്രഖ്യാപിച്ചു. പിന്നാലെ ഇതുവഴി വന്ന ബസുകൾ തടഞ്ഞു.

സമരം നടത്തിയതിന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിക്കുകയും പൊലീസിന്റെ വാഹനത്തിന് മുന്നിൽ പ്രതിഷേധക്കാർ റീത്ത് വയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇന്നും ബസ് തടയുകയായിരുന്നു.