കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു
പത്തനംതിട്ട: ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കൊടുമണ്ണിൽ രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചനിലയിൽ ലീലയേയും ഭർത്താവ് നീലാംബരനെയും മകൻ ധിപിനെയും കണ്ടെത്തുകയായിരുന്നു. ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇവിടത്തെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു നീലാംബരനും കുടുംബവും.
ഇന്നലെ വൈകിട്ട് കുടുംബം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തനിക്ക് ഭയമാണെന്ന് പറഞ്ഞ് ധിപിൻ പിന്മാറി. രാവിലെ എഴുന്നേറ്റപ്പോൾ ധിപിനും പിതാവും ലീലയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇരുവരും അമിതമായ അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.