'കണ്ണേ കരളേ വിഎസേ, കേരള മണ്ണിൻ പൊൻമുത്തേ"; പാർട്ടിയെന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്ക് പോലും ആവേശമായ പ്രിയ സഖാവ്

Monday 21 July 2025 4:42 PM IST

പൊതുവേദികളിൽ വി.എസ്. അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവവീര്യം തിളച്ചു പൊങ്ങും. അവർ ആർത്തു വിളിക്കും- 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ..."

മലയാളികൾക്ക് കണ്ണും കരളുമൊക്കെയാണ് വി.എസ്. വിഭാഗീയതയുടെ കാലത്തും വി.എസ് വേദിയിലേക്കെത്തുമ്പോൾ നിശ്ശബ്ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നവരുടെ പോലും മുഷ്ടികൾ ചുരുളുമായിരുന്നു. വി.എസിനെ അഭിവാദ്യം ചെയ്യുന്നവർ എല്ലാവരും സി.പി.എം പ്രവർത്തകരാകണമെന്നില്ല. പാർട്ടി എന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്കു പോലും വി.എസ് ആവേശമാണ്.

തുടക്കം തോൽവിയോടെ

വി എസിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തോൽവിയോടെയായിരുന്നു. 1965ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967ൽ കോൺഗ്രസിന്റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു. പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണവും ഇതായിരുന്നു.