രാവിലെ ഉണർന്നാലുടൻ കേരളകൗമുദി പത്രം വായിച്ചുകേൾക്കണം; രോഗങ്ങൾക്കുപോലും തോൽപ്പിക്കാനാകാത്ത വിഎസ്
ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്തു നിന്ന് മാറിനിൽക്കുകയാണെങ്കിലും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം എപ്പോഴും നെഞ്ചേറ്റിയിരുന്നു. 2019ലെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിന്റെ ആരോഗ്യത്തിന് വില്ലനായി എത്തിയത്. എന്നാൽ, പതിയെ പക്ഷാഘാതത്തെ അതിജീവിച്ച അദ്ദേഹം വലതുകൈയുടെ സ്വാധീനം വീണ്ടെടുത്തു. 2021 നവംബറിൽ വൃക്ക തകരാറിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലായി. എന്നാൽ രോഗങ്ങൾക്കൊന്നിനും അദ്ദേഹത്തെ തോൽപ്പിക്കാനായില്ല.
കഴിഞ്ഞ മാസം 23ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുവരെ അദ്ദേഹം പതിവായി രാവിലെ എട്ട് മണിക്ക് എഴുന്നേൽക്കുമായിരുന്നു. തുടർന്ന് കേരളകൗമുദി ഉൾപ്പെടെ നാലുപത്രങ്ങൾ വായിച്ചുകേൾക്കും. രാവിലെയും വൈകിട്ടും വീൽച്ചെയറിൽ വീടിന്റെ വരാന്തയിൽ വന്നിരിക്കുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാർ പണികഴിപ്പിച്ച വേലിക്കകത്ത് വീട്ടിലാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് വിശ്രമജീവിതം നയിച്ചിരുന്നത്.