അന്നത്തെ ആ കോൾ, തിരിച്ചുകിട്ടിയത് അച്ഛനമ്മമാരുടെയും തന്റെയും ജീവിതം; വിഎസിനെക്കുറിച്ച് അഭിലാഷ് പിള്ള
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റിയത് വിഎസാണെന്നും തന്റെയും അച്ഛന്റെയും അമ്മയുടെയും ജീവിതം തിരിച്ചുകിട്ടാൻ കാരണം അദ്ദേഹമാണെന്നും അഭിലാഷ് പിള്ള തുറന്നുപറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റാൻ അന്ന് ഞങ്ങൾക്ക് ആലുവ എസ്‌പി ഓഫീസ് നിന്നും ഒരു വിളി വന്നു, അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് വി എസ് പറഞ്ഞിട്ട് വന്ന ആ വിളി കാരണം തിരിച്ചു കിട്ടിയത് ഞാനും അമ്മയും അച്ഛനും അടക്കം മൂന്ന് പേരുടെ ജീവിതമാണ്. ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കാരണക്കാരനായ പ്രിയ സഖാവിന് വിട.
ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു വി എസിന്റെ അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കൾ സമീപത്തുണ്ടായിരുന്നു. ഇന്ന് ആരോഗ്യ നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എസ് രാമചന്ദ്രൻപിള്ള, വി ജോയി, കെഎൻ ബാലഗോപാൽ, വീണാ ജോർജ്, കോൺഗ്രസ് നേതാവ് വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.