നാളെ സംസ്ഥാനത്ത് പൊതുഅവധി, മൂന്ന് ദിവസത്തെ ദുഃഖാചരണം

Monday 21 July 2025 6:10 PM IST

തിരുവനന്തപുരം: അന്തരിച്ച മുതി‌ർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം. നാളെ പൊതുഅവധിയും പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു വിഎസിന്റെ അന്ത്യം. നൂറ്റിയൊന്ന് വയസായിരുന്നു.

വിഎസ് അച്യുതാനന്ദന്റെ വേർപാട് പുറംലോകത്തെ അറിയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അതുല്യമായ പങ്കുവഹിച്ച സിപിഎമ്മിന്റെ എക്കാലത്തെയും പ്രമുഖ നേതാവായ സഖാവിന്റെ നിര്യാണത്തിൽ പാർട്ടി ആദരാ‌ഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'വിഎസിന്റെ ഭൗതികദേഹം ആദ്യം എകെജി പഠനഗവേഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനം. പൊതുദർശനം അനുവദിക്കും. ശേഷം രാത്രിയോട് കൂടി വീട്ടിലേയ്ക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിക്ക് പൊതുദർശനത്തിനായി ദർബാർ ഹാളിലേയ്ക്ക് കൊണ്ടുപോകും. ദ‌ർബാർ ഹാളിൽ ഔദ്യോഗിക യാത്രാമൊഴി നൽകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകും. മറ്റെന്നാൾ രാവിലെ ഭൗതികദേഹം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിലായിരിക്കും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടും, ദുഃഖാചരണം നടത്തുകയും ചെയ്യും'- എംവി ഗോവിന്ദൻ അറിയിച്ചു.