'84 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം, പോരാട്ടം മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി'; അനുശോചിച്ച് പിബി

Monday 21 July 2025 6:55 PM IST

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. വി എസ് എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വി എസ് അച്യുതാനന്ദന്‍, വിവിധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കഴിവുറ്റ സംഘാടകനായിരുന്നു. താന്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ആസ്പിന്‍വാള്‍ കമ്പനിയിലെ കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആദ്യമായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്ക് എത്തുന്നത്.

1940ല്‍, പതിനേഴ് വയസുള്ളപ്പോള്‍, വി എസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജന്മിമാരില്‍ നിന്ന് ക്രൂരമായ ചൂഷണത്തിന് വിധേയരായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പി കൃഷ്ണപിള്ള വി എസിനെ നിയോഗിച്ചു. തിരുവിതാംകൂര്‍ ദിവാനെതിരെ പുന്നപ്ര - വയലാര്‍ പ്രക്ഷോഭത്തിനിടെ, വി എസിന് ഒളിവില്‍ പോകേണ്ടി വന്നു. അറസ്റ്റിലായതിനുശേഷം കഠിനമായ കസ്റ്റഡി പീഡനങ്ങള്‍ നേരിട്ടു.

1956-ല്‍ ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കും 1958-ല്‍ ദേശീയ കൗണ്‍സിലിലേക്കും വി എസ് തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം രൂപീകരിക്കുന്നതിനായി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തുപോയ 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു അദ്ദേഹം. 1980 മുതല്‍ 1992 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി. 1964 ല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

ഏഴ് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി എസ് രണ്ട് തവണ പ്രതിപക്ഷ നേതാവായി. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിര്‍മ്മാണ, ഭരണ നടപടികള്‍ സ്വീകരിച്ചു.

എട്ടര പതിറ്റാണ്ട് നീണ്ട പാര്‍ട്ടി ജീവിതത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വി എസ് സാക്ഷ്യം വഹിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രേക്ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതില്‍ വി എസ് അഗാധമായ വൈദഗ്ദ്ധ്യം നേടിയിരുന്നു. ജീവിതശൈലിക്കും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പേരുകേട്ട വി എസ് അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചത്.