എംപരിവാഹൻ തട്ടിപ്പ് റാക്കറ്റ് 6 സംസ്ഥാനങ്ങളിലെ എം.വി.‌ഡി വെബ്സെറ്റുകൾ ഹാക്ക്ചെയ്തു

Monday 21 July 2025 8:07 PM IST
അതുൽ കുമാർ സിംഗ്

കൊച്ചി: എംപരിവാഹൻ സൈബർതട്ടിപ്പ് സംഘം കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പിന്റെ വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി. ഇങ്ങനെ കൈക്കലാക്കിയ നമ്പറുകളിലേക്ക് വാട്സ്ആപ്പ് സന്ദേശമയച്ചാണ് ഇവർ തട്ടിപ്പത്രയും നടത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. കൊച്ചി സിറ്റി സൈബർ പൊലീസിന്റെ ചോദ്യംചെയ്യലിലാണ് പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 16കാരനാണ് ബുദ്ധികേന്ദ്രം. 10 ദിവസം ഉത്തരേന്ത്യയിൽ തമ്പടിച്ച് വേഷംമാറിയാണ് പൊലീസ് രാജ്യവ്യാപക തട്ടിപ്പ് സംഘത്തെ പൂട്ടിയത്.

മനീഷ് യാദവ്

അറസ്റ്റിലായ ഉത്തർപ്രദേശ് വാരാണസി സ്വദേശികളായ അതുൽകുമാർ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെ നാളെ ഉച്ചയോടെ കൊച്ചിയിൽ എത്തിക്കും. 16കാരനിൽനിന്ന് വിവരം ശേഖരിച്ച് നോട്ടീസ് നൽകി ബന്ധുക്കൾക്കൊപ്പം വിട്ടു. കൊച്ചിയിൽ എത്തണമെന്നാണ് നോട്ടീസ്. ഇയാളുടെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൈബർ സെക്യൂരിറ്റി സംബന്ധിച്ച കോഴ്സ് ചെയ്യുകയാണെന്നാണ് അറിയിച്ചിട്ടുള്ളത്. വാരാണാസിയിലെ സമ്പന്ന കുടുംബാംഗങ്ങളാണ് പ്രതികളെല്ലാം.

രണ്ടാം പ്രതി മനീഷ് യാദവിന്റെ പിതാവ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഇതിനാൽ പ്രാദേശിക പൊലീസ് പിന്തുണപോലും സെബർപൊലീസിന് ലഭിച്ചില്ല. തുടർന്ന്

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി എന്നിവരുടെ ഇടപെടലുകൾ വേണ്ടിവന്നു.

ജൂലായ് 10നാണ് കൊച്ചി സിറ്റി സൈബർ എസ്.എച്ച്.ഒ ഷമീർഖാൻ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേകസംഘം ഉത്തർപ്രദേശിലേക്ക് തിരിച്ചത്. രണ്ടുമാസം നീണ്ട അന്വേഷണത്തിൽ ലഭിച്ച ചില വിവരങ്ങളുടെ ബലത്തിലായിരുന്നു യാത്ര.

പ്രതികളെ കണ്ടെത്തിയെങ്കിലും പിടികൂടുകയായിരുന്നു വെല്ലുവിളി. വേഷംമാറി സംഘം രണ്ടായി തിരി​ഞ്ഞു. അതുലിനെയും മനീഷിനെയും വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. സ്ത്രീകളടക്കം രംഗത്തുവന്നെങ്കിലും ഒരുവിധത്തിൽ പ്രതികളുമായി സ്ഥലംവിടുകയായിരുന്നു. കേരളത്തിൽനിന്ന് 45 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 500ലധികംപേർ തട്ടിപ്പിൽ വീണു. രാജ്യത്താകെ 2,700 പേരും. ഈ പണമെല്ലാം ബിറ്റ്കോയിനായാണ് മാറ്റുകയാണ് ചെയ്തിരുന്നത്.