വേദനയോടെ 'വി.എസ് ഓട്ടോ സ്റ്റാൻഡ്' തൊഴിലാളികൾ

Tuesday 22 July 2025 12:00 AM IST

നീലേശ്വരം: വി.എസ്.അച്യുതാനന്ദന്റെ വിയോഗം താങ്ങാനാവാതെ നീലേശ്വരത്തെ 'വി.എസ് ഓട്ടോ സ്റ്റാൻഡ്' തൊഴിലാളികൾ. 2006ലും 2011ലും നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചപ്പോൾ അതിശക്തമായ പ്രതിഷേധം ഉയർത്തിയത് ഇവിടത്തെ ഓട്ടോറിക്ഷ തൊഴിലാളികളായിരുന്നു. 2006ൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് ഈ ഓട്ടോ സ്റ്റാൻഡ് വി.എസിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

അന്ന് നീലേശ്വരത്തെ 100 ഓട്ടോറിക്ഷ തൊഴിലാളികളിൽ 85 പേരും വി.എസിനെ അനുകൂലിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്കിയ ആറ് സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയുമുണ്ടായി. തുടർന്ന് വി.എസ് മുഖ്യമന്ത്രിയായപ്പോൾ വലിയ ആഹ്ളാദവും പായസ വിതരണവും നടത്തി. ഇവിടെയുണ്ടായിരുന്ന മാവിൻ ചുവട്ടിൽ സ്ഥിരമായി വി.എസിന്റെ ഫ്ലക്സ് ഉയർത്തി.

വി.എസിന്റെ എല്ലാ ജന്മദിനത്തിലും ഓട്ടോ സ്റ്റാൻഡിൽ പായസവിതരണം പതിവാണ്. 100ാം പിറന്നാളിനും നടത്തി. ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി നേരത്തെയുള്ള സ്ഥലത്തു നിന്ന് പിന്നീട് ഓട്ടോ സ്റ്റാൻഡ് മാറ്റേണ്ടിവന്നു. അസുഖബാധിതനായി കഴിഞ്ഞിരുന്ന വി.എസിനെ നേരിൽ കാണാൻ ഇവിടെയുള്ള ഓട്ടോ തൊഴിലാളികൾ പോയിരുന്നു.