വിഎസുമായി അന്ന് സംസാരിച്ചിരുന്നു; പറഞ്ഞ കാര്യങ്ങള്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് നരേന്ദ്ര മോദി

Monday 21 July 2025 8:27 PM IST

ന്യൂഡല്‍ഹി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കായും സമര്‍പ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് മോദി അനുസ്മരിച്ചു. വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

തങ്ങളിരുവരും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ നടത്തിയ ആശയവിനിമയങ്ങളേക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

'മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമര്‍പ്പിച്ചു. ഞങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ഈ ദുഃഖവേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് വിഎസ് അന്തരിച്ചത്. ജൂണ്‍ മാസം 23 മുതല്‍ ഇവിടെ ചികിത്സയില്‍ തുടരുകയാണ്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.