പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം: സുമലത
പാലക്കാട്: കേരളത്തിൽ സി.പി.ഐയുടെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. ചരിത്രത്തിൽ ഇത്തരമൊരു കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് വലിയ കാര്യം. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം.
കേരളത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇതൊരു പ്രതീക്ഷയാണ്. പൊതുരംഗത്ത് സ്ത്രീകൾ എത്ര പ്രവർത്തിച്ചാലും ലിംഗസമത്വം എന്നൊന്നുണ്ടല്ലോ. അതു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാഗമായി സി.പി.ഐ ചെയ്തുവെന്നതിൽ അഭിമാനമുണ്ട്.
ഇത്തരമൊരു തീരുമാനമെടുക്കാൻ പാർട്ടി വൈകിയെന്ന് കരുതുന്നില്ല. ത്രിതല പഞ്ചായത്തുകളിൽ ഉൾപ്പെടെ സ്ത്രീസംവരണമില്ലാത്ത വാർഡുകളിലും പാർട്ടി വനിതകൾക്കു പണ്ടുമുതലേ പ്രാധാന്യം നൽകിയിരുന്നു. താൻ തന്നെ അതിന് ഉദാഹരണമാണ്. ഒരു ജനറൽ സീറ്റിൽ മത്സരിച്ചാണ് താൻ 2010ൽ ആദ്യമായി മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആയത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതെ മറ്റൊരു പാർട്ടിയും ഇത്തരമൊരു പരിഗണന നൽകില്ല. പാർട്ടി എന്നും വനിതാ സഖാക്കളെ ചേർത്തു നിറുത്തുന്നുവെന്നതിന്റെ തെളിവാണിത്.
ഒറ്റക്കെട്ടായി നയിക്കും
പാലക്കാട് ജില്ലയിൽ സി.പി.ഐ സംഘടനാപരമായി ഏറെ മുന്നോട്ട് പോയ കാലഘട്ടമാണിത്. ജില്ലയിലെ എല്ലാ സഖാക്കളെയും ഒരുമിച്ച് ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളത്. ത്രിതല പഞ്ചായത്ത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ കമ്മിറ്റികളിലെല്ലാം ചർച്ച ചെയ്ത് വളരെ നേരത്തെ തന്നെ ആരംഭിച്ചു.