ഭാര്യാ മാതാവിനെയും സഹോദരിയെയും വധിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

Tuesday 22 July 2025 12:00 AM IST

ആലുവ: ഭാര്യാമാതാവിനെയും സഹോദരിയെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാക്കമൂല എസ്.ആർ ഭവനിൽ രാജീവി (29)നെയാണ് കർണാടകയിലെ അരസിക്കരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് ആലുവ പൈപ്പ് ലൈൻ റോഡിൽ കല്ലുവെട്ടുപറമ്പിൽ ഖദീജ ഷൗക്കത്തലി, ഇളയ മകൾ ഫാത്തിമ എന്നിവരെ വീടിന്റെ ഓട് ഇളക്കി കയറിയ പ്രതി ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. തലയ്‌ക്ക് പരിക്കേറ്റിരുന്നു.

ഒന്നര വർഷം മുമ്പ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഖദീജയുടെ രണ്ടാമത്തെ മകൾ റാബിയയെയാണ് പ്രതി വിവാഹം കഴിച്ചത്. മദ്യലഹരിയിൽ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ റാബിയ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. വിവാഹ മോചനത്തിന് നടപടികളും തുടങ്ങി . ഇതിന് കാരണം ഭാര്യവീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആക്രമണത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു. അന്വേഷണത്തിൻ മെസൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ അരസിക്കരെ റെയിൽവേ സ്റ്റേഷനിലുണ്ടന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് സ്ക്വാഡ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐ സുജോ ജോർജ് ആന്റണി, എ.എസ്.ഐ അബ്ദുൾ ജലീൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷഹിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.