നിക്ഷേപ തട്ടിപ്പ്: ഒരു കോടിയിലേറെ രൂപ തട്ടിയ അന്യസംസ്ഥാനക്കാരൻ പിടിയിൽ

Tuesday 22 July 2025 1:02 AM IST

നെടുമ്പാശേരി: നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ പശ്ചിമ ബംഗാൾ ഹൂഗ്ലി അലിപ്പൂർ സ്വദേശി സൗമല്യഘോഷിനെ (27) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് സ്വദേശിക്കാണ് പണം നഷ്ടമായത്. ഷേർഖാൻ എഡ്യൂക്കേഷണൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ മിനിമം 10 ശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. 'സെബി'യുടെ വ്യാജ സീൽവച്ച ട്രേഡിംഗ്‌ അക്കൗണ്ട് രജിസ്ട്രേഷൻ ഫോം അയച്ചുകൊടുത്താണ് വിശ്വാസം നേടിയത്.

എഡ്യൂക്കേഷണൽ ഗ്രൂപ്പിൽ പ്രൊഫസർ ആണെന്ന് പറഞ്ഞാണ് ചെങ്ങമനാട് സ്വദേശിയെ തട്ടിപ്പു സംഘത്തലവൻ പരിചയപ്പെട്ടത്. പണം മുടക്കിയാലുണ്ടാകുന്ന വമ്പൻ ലാഭത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് 28 തവണകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിക്കുകയായിരുന്നു.

ലാഭമോ, മുടക്കിയ തുകയോ ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണ സംഘം ഹൂഗ്ലിയിൽ ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ വിബിൻദാസ്, എസ്.ഐ സി.കെ. രാജേഷ്, എ.എസ്.ഐ പി.ജി. ബൈജു, സി.പി.ഒ. അരുൺ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.