വജ്രങ്ങളുടെ ആഗോള ഗ്രേഡിംഗ് സംവിധാനം തുടരാൻ ഐ.ജി.ഐ

Tuesday 22 July 2025 12:15 AM IST

മുംബയ്: വജ്രങ്ങളുടെ മുൻനിര ഗ്രേഡറായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ജി.ഐ), പ്രകൃതിദത്തമായതും ലാബിൽ തയ്യാറാക്കിയതുമായ എല്ലാ വജ്രങ്ങൾക്കും സാർവത്രിക 4സി.എസ് ഗ്രേഡിംഗ് (കട്ട്, ക്ലാരിറ്റി, കാരറ്റ് തൂക്കം, കളർ) പ്രയോഗിക്കുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു. ലാബിൽ തയ്യാറാക്കിയ വജ്രങ്ങളുടെ ഗ്രേഡിംഗിൽ നിയമങ്ങൾ ദുർബലമാക്കുന്നതിനെതിരെ ഉപഭോക്താക്കൾ ആശങ്കയുയർത്തിയ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 2005-ലാണ് ലാബിൽ തയ്യാറാക്കിയ വജ്ര ഗ്രേഡിംഗ് ഐ.ജി.ഐ ആരംഭിച്ചത്. പ്രകൃതിദത്ത വജ്രങ്ങളുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ഐ.ജി.ഐ. വ്യവസായത്തെയും ഉപഭോക്തൃ ആശയക്കുഴപ്പത്തെയും തടയുന്നതിന് നിലവിലുള്ള 4സി.എ് ഗ്രേഡിംഗ് പ്രയോഗിച്ചു.

ഒരു സ്വതന്ത്ര, സർട്ടിഫിക്കേഷൻ സ്ഥാപനമെന്ന നിലയിൽ ഐ.ജി.ഐ അതിന്റെ ദൗത്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്ന ഓരോ വജ്രവും കർശനമായ 14-ഘട്ട ഗ്രേഡിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ടെന്നും അവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 10 രാജ്യങ്ങളിലായി 31 ലബോറട്ടറികളുള്ള ഐ.ജി.ഐയ്‌ക്ക് ലോകത്തിലെ ഏറ്റവും വലിയ രത്ന ലാബ് ശൃംഖലയാണുള്ളത്.