കത്തിനശിച്ച കൂത്തമ്പലം ഇന്റിമേറ്റ് തിയേറ്ററാക്കും: മന്ത്രി
തൃശൂർ: 2012ൽ കത്തിനശിച്ച രാമനിലയം കോമ്പൗണ്ടിലെ കൂത്തമ്പലം പുനരുദ്ധരിച്ച് സംഗീത നാടക അക്കാഡമിക്ക് കൈമാറിയാൽ അത് മികച്ച ഇന്റിമേറ്റ് തിയേറ്ററാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കേരള സംഗീത നാടക അക്കാഡമിയുടെ 2024ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജാ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തമ്പലം പുനരുദ്ധരിച്ച് അക്കാഡമിക്ക് കൈമാറണമെന്ന് സാംസ്കാരിക വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പരസ്പരം പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. ഇറ്റ്ഫോക്ക് അടുത്തവർഷം ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. വീണ വാദകൻ എ.അനന്തപത്മനാഭൻ, നാടകപ്രതിഭ സേവ്യർ പുൽപ്പാട്ട്, നൃത്താദ്ധ്യാപിക കലാമണ്ഡലം സരസ്വതി എന്നിവർ മന്ത്രിയിൽ നിന്നും ഫെലോഷിപ്പ് ഏറ്റുവാങ്ങി. 18 കലാകാരൻമാർ അവാർഡും 22 മുതിർന്ന കലാകാരൻമാർ ഗുരുപൂജാ പുരസ്കാരവും ഏറ്റുവാങ്ങി. അക്കാഡമി കോമ്പൗണ്ടിൽ നിർമ്മിച്ച അക്കാഡമി ബുക്സ് സ്റ്റാൾ മന്ത്രി ഉദ്ഘാടനം ചെയ്തു.