സംരംഭകരെ കാത്ത് 6 ഐ.ടി പാർക്കുകളിലെ 208.62 ഏക്കർ
കൊല്ലം: കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്തെ ആറ് ഐ.ടി പാർക്കുകളിലായി ഒഴിഞ്ഞുകിടക്കുന്ന 208.62 ഏക്കർ ഭൂമി ഐ.ടി, വാണിജ്യ സംരംഭങ്ങൾക്കായി പാട്ടത്തിന് നൽകുന്നു. സംരംഭകർ സമർപ്പിക്കുന്ന പദ്ധതിയും വാഗ്ദാനം ചെയ്യുന്ന പാട്ടത്തുകയും അടിസ്ഥാനമാക്കി 30 മുതൽ 90 വർഷത്തേക്കാകും സ്ഥലം വിട്ടുനൽകുക.
ഐ.ടി പാർക്കുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം സംരംഭങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ പ്രത്യേക സാമ്പത്തിക മേഖല പദവിയുള്ള ഭൂമിയും ഉൾപ്പെടും. കണ്ണൂർ, കാസർകോട് സൈബർ പാർക്ക് ഭൂമികളിൽ നിലവിൽ ഐ.ടി സംരംഭങ്ങളൊന്നുമില്ല. ലഭിക്കുന്ന താത്പര്യപത്രങ്ങളിൽ നിന്ന് കെ.എസ്.ടി.ഐ.എൽ ഏറ്റവും മികച്ചത് സർക്കാരിന് കൈമാറും. പാട്ടക്കാലാവധിയും തുകയും സർക്കാർ നിശ്ചയിക്കും.
വാണിജ്യ സംരംഭങ്ങൾ ഒരുക്കാം
ഐ.ടി കമ്പനി ജീവനക്കാർക്ക് ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കുക
ഫ്ലാറ്റുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ആശുപത്രി റസ്റ്റോറന്റ്, ഗെയിം സോൺ തുടങ്ങിയവ നിർമ്മിക്കാം
കൂടുതൽ ഐ.ടി കമ്പനികളെ ആകർഷിക്കാനാകും
വാണിജ്യ സംരംഭങ്ങൾ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം
വാണിജ്യ സംരംഭങ്ങൾക്ക് ഐ.ടിയെക്കാൾ പാട്ടത്തുക കൂടുതൽ
ഐ.ടി പാർക്കുകൾ, സംരംഭങ്ങൾക്ക് നൽകുന്ന ഭൂമി ഏക്കറിൽ
ടെക്നോപാർക്ക്, കുണ്ടറ-11 ഇൻഫോപാർക്ക്, ചേർത്തല-45 ഇൻഫോപാർക്ക്, കൊരട്ടി-12 സൈബർപാർക്ക്, കോഴിക്കോട്-15 സൈബർ പാർക്ക്, കണ്ണൂർ-25.62 സൈബർപാർക്ക്, കാസർകോട്-100