തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പത്തുലക്ഷം കുറവ് പരിഹരിക്കുമെന്ന് കമ്മിഷൻ
തിരുവനന്തപുരം:കേന്ദ്രഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയ വോട്ടർപട്ടികയിൽ നിന്ന് തദ്ദേശതിരഞ്ഞെടുപ്പിനായി സംസ്ഥാന ഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിൽ പത്തുലക്ഷത്തോളം വോട്ടർമാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ എ.ഷാജഹാൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ വർഷം അവസാനം നടത്താനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച കണക്ക് അനുസരിച്ച് 2.66കോടി വോട്ടർമാരാണുള്ളത്. അതേസമയം ഇൗ വർഷം ജനുവരിയിൽ കേന്ദ്രഇലക്ഷൻ കമ്മിഷന്റെ പരിഷ്ക്കരിച്ച വോട്ടർപട്ടികയിൽ 2.76കോടി വോട്ടർമാരുണ്ട്. രണ്ടും തമ്മിൽ പത്തുലക്ഷോളം വോട്ടിന്റെ വ്യത്യാസം.ഇതിന് കാരണം കേന്ദ്രഇലക്ഷൻ കമ്മിഷനിൽ കൂടുതൽ ആളുകൾ വോട്ടർ തിരിച്ചറിയൽ കാർഡ് കിട്ടാനായി പേര് രജിസ്റ്റർ ചെയ്യുന്നതും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനായി വൻതോതിൽ വോട്ടർമാരെ ചേർക്കുന്ന നടപടി പൂർത്തിയായതും വോട്ടർപട്ടിക ശുദ്ധീകരണം പൂർത്തിയാകാത്തതുമാണെന്നാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ പറയുന്നത്. അതേ സമയം സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ വോട്ടർപട്ടിക കഴിഞ്ഞ രണ്ടുവർഷങ്ങളിലും സ്വമേധയാ ശുദ്ധീകരിച്ചു.ഇതുമൂലം 12ലക്ഷം വോട്ടർമാരെ ഒഴിവാക്കി.പുതുതായി രണ്ടരലക്ഷം പേരെ ഉൾപ്പെടുത്തുകയും ചെയ്തു. പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകാത്തതിനാൽ വോട്ടർമാർക്ക് തദ്ദേശഇലക്ഷൻ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വിമുഖതയുണ്ട്. അതേ സമയം കേന്ദ്രഇലക്ഷൻ കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് പല ആവശ്യത്തിനും ഉപയോഗിക്കാനാകും. 2015 വരെ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വോട്ടർപട്ടിക അടിസ്ഥാന പട്ടികയായി ഉപയോഗിച്ചുകൊണ്ടാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ വോട്ടർപട്ടിക തയ്യാറാക്കിയിരുന്നത്.
തദ്ദേശ ഇലക്ഷന്റെ മുന്നൊരുക്കങ്ങളായ വോട്ടർപട്ടിക പരിഷ്ക്കരണവും സംവരണ വാർഡുകളുടെ നിർണ്ണയവും സെപ്തംബറോടെ പൂർത്തിയാകും. ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്നത്.