കാടും മേടും കടന്ന് വി.എസ്; ലോകമറിഞ്ഞു കൈയേറ്റം
കൊച്ചി: വനം കൈയേറ്റക്കാർക്കെതിരായ വി.എസ്. അച്യുതാനന്ദന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായമാണ് പൂയംകുട്ടി. വി.എസിന് ഗ്രീൻ ഇമേജ് സമ്മാനിച്ചതിൽ 2002 ൽ കാടും മേടും കടന്ന് പൂയംകുട്ടിയിൽ നടത്തിയ സന്ദർശനം മുഖ്യപങ്ക് വഹിച്ചു. ആദിവാസികളെ മുൻനിറുത്തി 3000 ഹെക്ടർ വനം കൈയേറിയ മാഫിയയെ വെളിച്ചത്തുകൊണ്ടുവന്നത് വി.എസിന്റെ സന്ദർശനമാണ്. വി.എസിന്റെ സന്ദർശനത്തിന് നിമിത്തമായത് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടും. പൂയംകുട്ടിയിൽ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ നീക്കം തുടങ്ങിയ 1985 മുതൽ പ്രതിഷേധവും ആരംഭിച്ചിരുന്നു. പരിസ്ഥിതിക്കുണ്ടാകുമായിരുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ സമരം വിജയിച്ചു. പദ്ധതി വേണ്ടെന്ന് വച്ചു. പിന്നാലെയാണ് പൂയംകുട്ടിയിൽ വനം കൈയേറ്റം വ്യാപകമായത്. ആദിവാസികളെ മുന്നിൽ നിറുത്തി വൻമാഫിയ കൈയേറ്റത്തിന് ചുക്കാൻ പിടിച്ചു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കുടപിടിച്ചു. വനഭൂമി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി. വ്യാജരേഖകൾ ചമച്ച് അവകാശവും കൈയടക്കി. പൂയംകുട്ടിയിലെ കൈയേറ്റത്തിനെതിരെ പരിസ്ഥിതിപ്രവർത്തകർ പ്രചാരണം നടത്തുന്ന കാലം. 2002ൽ വിഷയം മാദ്ധ്യമങ്ങളും ഏറ്റെടുത്തു. കേരളകൗമുദി മുഖ്യവാർത്തയായി കൈയേറ്റത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. ഇത് വായിച്ച വി.എസ്. പൂയംകുട്ടി സന്ദർശിക്കാൻ തീരുമാനിച്ചു. 2008 മേയ് 28ന് ആലുവയിൽ നിന്ന് വി.എസ്. പൂയംകുട്ടിക്ക് തിരിച്ചു. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിലാണ് പൂയംകുട്ടി. കുട്ടമ്പുഴയിൽ നിന്ന് ജീപ്പ് മാത്രമേ പോകൂ. ആരോഗ്യം പോലും അവഗണിച്ച് വി.എസ്. ജീപ്പിൽ കയറി. കല്ലും കുഴികളും നിറഞ്ഞ ടാറിടാത്ത റോഡിലൂടെ ദുർഘടയാത്ര. ജീപ്പ് ചെല്ലുന്ന വഴി കഴിഞ്ഞ് വി.എസ്. കാട്ടിലൂടെ നടന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും അവഗണിച്ച് കൈയേറ്റക്കാർ കൈവശം വച്ച സ്ഥലത്തെത്തി. വനമാകെ നശിപ്പിച്ച് ഏലവും കുറുംപുല്ലും നെല്ലും റബറും വരെ നട്ടുപിടിപ്പിച്ചത് കണ്ടു. കടമാൻകുഴി എന്ന കുത്തനെ ചെരിവുള്ള പ്രദേശത്തായിരുന്നു വലിയ കൈയേറ്റം. അവിടേയ്ക്ക് ഇറങ്ങിനടക്കുന്ന ദുഷ്കരം. ഒപ്പമുണ്ടായിരുന്നവർ വിലക്കിയെങ്കിലും വി.എസ്. അവിടവും നടന്നിറങ്ങി കണ്ടു. കൈയേറ്റക്കാർ നട്ടുപിടിപ്പിച്ച ഏലം ചെടി പിഴുതെടുത്തു. വനഭൂമിയിലെ നടത്തത്തിനിടെ വി.എസിന്റെ തുടയിൽ അട്ട കടിച്ചു. നടത്തത്തിനിടെ കരിയിലക്കൂട്ടത്തിൽ കിടന്ന പാമ്പിനെ ചവിട്ടാതെ ഒപ്പമുള്ളവർ രക്ഷിച്ചു. രാവിലെ 11 ഓടെ ആരംഭിച്ച വനപരിശോധന മണിക്കൂറുകളോളം നീണ്ടെന്ന് ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം അനുസ്മരിക്കുന്നു. കൈയേറ്റത്തെപ്പറ്റി വി.എസ്. വിശദീകരിച്ചതോടെ കേരളം മുഴുവൻ പൂയംകുട്ടി ചർച്ചയായി. അന്ന് വനംമന്ത്രിയായിരുന്ന ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നാലാംദിവസം പൂയംകുട്ടി സന്ദർശിച്ച് വി.എസ്. പറഞ്ഞത് ശരിവച്ചു. 3000 ഹെക്ടർ സ്ഥലം കൈയേറിയത് വിവിധ ഏജൻസികൾ കണ്ടെത്തി. ആദിവാസികളെ ഉപയോഗിച്ച് വനമേഖല വെട്ടിത്തെളിക്കുക, പിന്നീട് കൈവശപ്പെടുത്തുക എന്ന തന്ത്രമാണ് സംഘടിതലോബി സ്വീകരിച്ചത്. വ്യാജരേഖകൾ ചമച്ച് അവ കൈമാറും. ഇവയെല്ലാം വി.എസിന്റെ സന്ദർശനത്തോടെ പുറംലോകമറിഞ്ഞു.