സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് : മുന്നിലോടി പാലക്കാട്

Monday 21 July 2025 10:36 PM IST

ആദ്യ ദിനം ഏഴ് റെക്കാഡുകൾ

തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങിയ സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തി പാലക്കാട്. ആദ്യ ദിനം 77 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ 74 പോയിന്റോടെ കോട്ടയം രണ്ടാമതും 66 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം മൂന്നാമതുമുണ്ട്. ഏഴു റെക്കാഡുകളാണ് ഇന്നലെ പിറന്നത്. ഇതിൽ നാലെണ്ണം പുരുഷ വിഭാഗത്തിലായിരുന്നു. മൂന്നെണ്ണം വനിതാ വിഭാഗത്തിലും.

പുരുഷ വിഭാഗം 110 മീറ്റർ ഹഡിൽസിൽ തിരുവനന്തപുരത്തിന്റെ സി.മുഹമ്മദ് ഫായിസ് (14.28 സെക്കൻഡ്), ലോംഗ് ജമ്പിൽ എറണാകുളത്തിന്റെ സി.വി അനുരാഗ് ( 7.87 മീറ്റർ), പോൾവാട്ടിൽ കണ്ണൂരിന്റെ കെ.ജി ജസൻ (4.91 മീറ്റർ) 4-100 റിലേയിൽ അജിൻ, മനീഷ്, ലൈജു,റിഷ്ണുപ്രസാദ് എന്നിവരടങ്ങിയ പാലക്കാട് ടീം (41.30 സെക്കൻഡ്) എന്നിവരാണ് റെക്കാഡുകൾ കുറിച്ചത്. വനിതകളുടെ 10000 മീറ്ററിൽ പാലക്കാടിന്റെ റീബാ ആൻ ജോർജ്(36 മിനിട്ട് 51.30 സെക്കൻഡ്) , പോൾവാട്ടിൽ വയനാടിന്റെ മരിയാ ജെയസ്ൺ (4.05 മീറ്റർ), ഷോട്ട് പുട്ടില്‍ കാസർകോടിന്റെ വി.എസ് അനുപ്രിയ (13.26 മീറ്റർ) എന്നിവരും റെക്കാഡ് കുറിച്ചു. പുരുഷ 100 മീറ്ററിൽ 10.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പാലക്കാടിന്റെ പി.കെ ജിഷ്ണുപ്രസാദ് സംസ്ഥാനത്തെ വേഗമേറിയ പുരുഷനായി . കൊല്ലത്തിന്റെ കെ.ആർദ്ര‌യാണ് വനിതകളിലെ വേഗറാണി( 11.87 സെക്കൻഡ്). പുരുഷന്മാരിൽ പാലക്കാടിന്റെ തന്നെ ആർ.അജിന്‍ (10.69 സെക്കൻഡ് ) രണ്ടാമതും തിരുവനന്തപുരത്തിന്റെ ഡി.ബി ബിബിൻ (10.71) മൂന്നാമതുമെത്തി. വനിതാവിഭാഗത്തിൽ ഇടുക്കിയുടെ എ.ആരതി(12.09) വെള്ളിയും തിരുവനന്തപുരത്തിന്റെ എ.പി ഷിൽബി(12.10) വെങ്കലവും സ്വന്തമാക്കി.