കഥകളൊഴിയാതെ ആലുവ പാലസിലെ 107-ാം മുറി
ആലുവ: ആലുവ പാലസ് ആയിരുന്നു എക്കാലവും വി.എസിന്റെ പ്രിയപ്പെട്ട വാസസ്ഥലം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴുമെല്ലാം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ എവിടെ പരിപാടി ഉണ്ടായാലും രാത്രി തങ്ങാനെത്തുന്നത് പെരിയാറിന് തീരത്തെ ആലുവ പാലസിലായിരുന്നു. പൂമുഖത്തെ 107 -ാം നമ്പർ മുറിക്ക് വി.എസിനെ കുറിച്ച് ഏറെ കഥകൾ പറയാനുണ്ട്.
ഒരിക്കൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആലുവ പാലസിലെത്തിയപ്പോൾ ലഭിച്ചത് 107 -ാം നമ്പർ മുറിയാണ്. തൊട്ടുപിന്നാലെ അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദൻ പാലസിലേക്ക് വരുന്നതായി ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചു.107-ാം മുറിയോട് വി.എസിന്റെ ഇഷ്ടം അറിയാവുന്ന ഉമ്മൻചാണ്ടി തന്റെ ബാഗുകളും മറ്റും മറ്റൊരു മുറിയിലേക്ക് മാറ്റി ഒഴിഞ്ഞുകൊടുത്തു. പുതിയ പാലസ് അനക്സ് കെട്ടിടത്തിൽ വി.എസിന് ഒന്നാം നിലയിലെ 201-ാം നമ്പർ മുറിയാണ് നൽകിയിരുന്നത്.
പാലസിൽ താമസിക്കുമ്പോഴും പതിവ് ദിനചര്യകളിൽ മാറ്റമുണ്ടാവാറില്ലെന്ന് പാലസ് മാനേജർ ജോസഫ് ജോൺ പറഞ്ഞു. രാവിലെ പാലസിലെ പൂന്തോട്ടത്തിന് ചുറ്റും രണ്ട് വട്ടം വലംവെയ്ക്കും. യോഗയും സൂര്യനമസ്കാരവും മുടക്കില്ല. വൈകുന്നേരവും നടത്തം മുടക്കില്ല. എരിവും പുളിയും കുറച്ച് വേവിച്ചെടുക്കുന്ന പച്ചക്കറികളോടായിരുന്നു ഇഷ്ടം. അനിൽ പള്ളിക്കരയാണ് അക്കാലത്തെ കുക്ക്. പപ്പായ പ്രിയനായ വി.എസിനായി പാലസിൽ അക്കാലത്ത് പപ്പായ നട്ടു വളർത്തി. അക്കാലത്തെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റായിരുന്ന എ.ജി. ഗിരിയാണ് വി.എസ് പാലസിലെത്തുമ്പോൾ സഹായത്തിനായി കൂടെയുണ്ടായിരുന്നത്.
കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനങ്ങളും പാലസിൽ
വി.എസിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് പലപ്പോഴും ആലുവ പാലസ് വേദിയായിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഭരണപക്ഷത്തും കോളിളക്കം സൃഷ്ടിച്ച മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ പ്രഖ്യാപനം വി.എസ്. നടത്തിയത് ആലുവ പാലസിലായിരുന്നു. പാർട്ടിയിലെ വിഭാഗീയത പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ശാന്തി തേടിയെത്തിയതും നിർണായക പ്രതികരണങ്ങളും തീരുമാനങ്ങളും പ്രഖ്യാപിച്ചതും പാലസിൽ വെച്ചാണ്.